കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും
കോട്ടയം: പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.
രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്്.
ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്. രാത്രി കാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കേണ്ടതുണ്ട്. അതിനു ഭരണപരമായ ഇടപെടലുകൾക്കപ്പുറം സമൂഹത്തിന്റെ ചിന്തയും ആ രീതിയിൽ മാറേണ്ടതുണ്ട്. ബാലികാദിനങ്ങൾ പോലെയുള്ളവ സംഘടിപ്പിക്കുന്നത് ഇത്തരം ഓർമപ്പെടുത്തലുകൾക്കാണെന്നും ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യാതിഥിയായി. സമത്വം അനിവാര്യമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചിരിക്കുന്നതെന്നും പെൺകുട്ടിയായിരിക്കുന്നതിൽ ഒരു വിഷമവും ആർക്കും തോന്നരുതെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ മുതിർന്ന പഠിതാവായ തങ്കമ്മ തങ്കപ്പനെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു.
മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ആതിര പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിത -ശിശു വികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, മൗണ്ട് കർമൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എ.എസ്. ജെയ്ൻ, കോട്ടയം വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന, ഡി.എച്ച്.ഇ.ഡബ്ല്യൂ. ജില്ലാ കോഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, മൗണ്ട് കാർമൽ ഗേൾസ്് ഹൈസ്‌കൂൾ വിദ്യാർഥിനി വന്ദന അജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭാവിയെക്കുറിച്ചുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾ പങ്കെടുത്ത സംവാദവും നടന്നു.
ഫോട്ടോക്യാപ്ഷൻ:
രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സമീപം.