കാർഷിക മേഖലയിൽ കൂടുതൽ സ്മാർട്ട് ആവാൻ കുടുംബശ്രീയുടെ ഡ്രോൺ പൈലെറ്റ്‌സ്

ഡ്രോൺ ആപ്‌ളിക്കേഷനുകളിൽ പരിശീലനം

Oct 14, 2024
കാർഷിക മേഖലയിൽ കൂടുതൽ സ്മാർട്ട് ആവാൻ കുടുംബശ്രീയുടെ ഡ്രോൺ പൈലെറ്റ്‌സ്
KUDUMBHASREE

കോട്ടയം: കാർഷികമേഖലയിൽ കുടുംബശ്രീ വനിതകൾക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ആപ്‌ളിക്കേഷനുകളിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാനതല ശിൽപശാല ഒക്‌ടോബർ 15 (ചൊവ്വ) രാവിലെ 10 മണിമുതൽ കോട്ടയം എം.ജി. സർവകലാശാലയിൽ നടക്കും. കുടുംബശ്രീ മിഷനും എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസും സംയുക്തമായി നടത്തുന്ന ശിൽപശാല  വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്യും. ശിൽപശാലയിൽ ഡ്രോണിന്റെ വിവിധ പ്രവർത്തന രീതികളും, അറ്റകുറ്റപ്പണികൾ, കേടുപാടുകൾ പരിഹരിക്കൽ എന്നിവയുടെ അവബോധനവും ഫീൽഡ്തല പ്രവർത്തനപ്രദർശനവും സംഘടിപ്പിക്കും.  
 കാർഷികമേഖലയിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉൽപാദന ക്ഷമത വർധിപ്പിച്ചു കുടുംബശ്രീ വനിതകൾക്ക് ഉയർന്ന വരുമാനം ലഭ്യമാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണു കുടുംബശ്രീ നടപ്പാക്കുന്നത്. ശാസ്ത്രീയ സാങ്കേതിക പരിശീലനങ്ങൾ നൽകുന്നതിന്റെ ആദ്യ ഘട്ടമായി കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ്. വിത്തു വിതയ്ക്കാനും വളം തളിക്കാനും വിളകളുടെ വളർച്ച നിരീക്ഷിക്കാനും ഡ്രോണുകൾ ഉപയോഗിക്കാനാകും. വലിയ തോതിൽ സമയം ലാഭിക്കുന്നതിനും ശാരീരിക അധ്വാനം കുറയ്ക്കാനും ഡ്രോൺ സാങ്കേതികവിദ്യസഹായിക്കും.  
 കേന്ദ്ര സർക്കാരിന്റെ നമോ ദീദി ഡ്രോൺ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത 49 കുടുംബശ്രീ കർഷകർക്ക് ഡ്രോൺ പറത്തുന്നതിൽ പരിശീലനവും ലൈസൻസും നൽകിയിട്ടുണ്ട്്. ഇവർക്ക് 400 അടി ഉയരത്തിൽ വരെ പറത്താൻ കഴിയുന്ന 10 ലിറ്റർ സംഭരണ ശേഷിയുള്ള ഡ്രോണും നൽകി. ഇവർക്കു തിരുവന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നാലുദിവസത്തെ പരിശീലനവും സംഘടിപ്പിരുന്നു.  
 ശിൽപശാലയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡ്രോൺ ദീദിമാരും യന്ത്രവത്കൃത
പരിശീലന ടീമംഗങ്ങളും ഉൾപ്പെടെ 100 പേർ പങ്കെടുക്കും. സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ അധ്യക്ഷനായിരിക്കും. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പദ്ധതിവിശദീകരണം നടത്തും.
കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് കോഡിനേറ്റർ പ്രകാശ് ബി നായർ, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ രമ്യ രാജപ്പൻ, ഹണിമോൾ രാജു, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിലെ പ്രൊഫ. ഡോ. കെ.ആർ. ബൈജു, ഡോ. എബിൻ വർഗീസ് , അതിരമ്പുഴ സി ഡി എസ് ചെയർപേഴ്സൺ ഷെബീന നിസാർ എന്നിവർ പ്രസംഗിക്കും.  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.