ഇമ്യൂണോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി, ഇപ്പോൾ അപേക്ഷിക്കാം
സയന്‍സ്, എന്‍ജിനിയറിങ്, വെറ്ററിനറി, ഫാര്‍മസി മാസ്റ്റേഴ്‌സ്, എംബിബിഎസ് ബിരുദക്കാര്‍ക്ക് അവസരം

ന്യൂഡൽഹി : കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനുകീഴിലെ ബയോടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഇനവേഷന്‍ കൗണ്‍സില്‍ (ബിആര്‍ഐസി) സ്വയംഭരണ ഗവേഷണ സ്ഥാപനമായ ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍ഐഐ) 2025-26 മണ്‍സൂണ്‍ സെഷനിലെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണമേഖലകള്‍: ഇമ്യൂണോളജി, ഇന്‍ഫെക്ഷ്യസ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, കംപ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ ഇന്റര്‍ഡിസിപ്ലിനറി മേഖലകള്‍.
പ്രവേശനയോഗ്യത: സയന്‍സില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് തുടങ്ങിയവ) എംഎസ്സി, എംടെക്, എംബിബിഎസ്, എംവിഎസ്സി, എംഫാം, ഇന്റഗ്രേറ്റഡ് എംഎസ്സി, ഫരീദാബാദ് റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍സിബി) വ്യവസ്ഥകള്‍ പ്രകാരമുള്ള തത്തുല്യ യോഗ്യത എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതാപരീക്ഷയില്‍ മൊത്തം 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം. പട്ടിക/ഒബിസി/സാമ്പത്തിക പിന്നാക്കം/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. മാര്‍ക്ക് ശതമാനം അടുത്ത പൂര്‍ണസംഖ്യയിലേക്ക് ക്രമപ്പെടുത്താന്‍ അനുവാദമില്ല. 2024-25 അക്കാദമിക് വര്‍ഷം യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യുജിസി/സിഎസ്‌ഐആര്‍/ഐസിഎംആര്‍/ഡിബിടി/മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയിലൊന്നിന്റെ സാധുവായ ഡോക്ടറല്‍ ഫെലോഷിപ്പ് വേണം. ഡിഎസ്ടി-ഇന്‍സ്പയര്‍ ഫെലോഷിപ്പ് ഉള്ളവരും ഫെലോഷിപ്പ് സജീവമാക്കപ്പെടുന്നതിനു വിധേയമായി അപേക്ഷിക്കാന്‍ അര്‍ഹരാണ്. ഫെലോഷിപ്പ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് : പ്രവേശനത്തിന്റെ ഭാഗമായി മേയ് 11-ന് വിവിധ കേന്ദ്രങ്ങളിലായി കംപ്യൂട്ടര്‍ അധിഷ്ഠിത എന്‍ഐഐ പ്രവേശനപ്പരീക്ഷ നടത്തും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 60 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരം മൂന്ന് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടമാകും. മോക് ടെസ്റ്റുകള്‍ മേയ് ഒന്നിനോ ശേഷമോ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പ്രവേശനം നേടുന്നവര്‍, ബാധകമായ ഫെലോഷിപ്പ് (യുജിസി, സിഎസ്‌ഐആര്‍, ഐസിഎംആര്‍, ഡിബിടി, ഡിഎസ്ടി തുടങ്ങിയവയുടെ) സജീവമാക്കണം. റെസിഡെന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം നേടുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്.
അപേക്ഷ: www.nii.res.in (അക്കാദമിക് > ഡോക്ടറല്‍ പ്രോഗ്രാം) വഴി ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജിന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കാം. എന്‍ഐഐ പ്രവേശനപ്പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, ഏപ്രില്‍ 30 മുതല്‍ ഡൗണ്‍ ലോഡുചെയ്യാം.