കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 80 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ മാധവ് മേനോൻ പരേഡിന് നേതൃത്വം നൽകി
കഴക്കൂട്ടം സൈനിക സ്‌കൂളിൻ്റെ 64-ാമത് റൈസിംഗ് ഡേയും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന് (ജനുവരി 20) സ്‌കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. ഏഴ് വർഷത്തെ കഠിനമായ വിദ്യാലയ മികവും സൈനികാധിഷ്ഠിതമായ പരിശീലനം പൂർത്തിയാക്കിയതിന് ശേഷം ഔട്ട്‌ഗോയിംഗ് ബാച്ചിലെ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ എൺപത് കേഡറ്റുകൾ അവരുടെ മാതൃ വിദ്യാലയത്തോട് വിടപറഞ്ഞു.
ദക്ഷിണ വ്യോമസേനാ മേധാവിയും സൈനിക സ്കൂളിലെ 1983 ബാച്ച് പൂർവ്വ വിദ്യാർത്ഥിയുമായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, സ്‌കൂൾ കേഡറ്റ് ക്യാപ്റ്റൻ മാധവ് മേനോൻ എന്നിവർക്കൊപ്പം എയർ മാർഷൽ തുറന്ന ജീപ്പിൽ പരേഡ് വീക്ഷിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ബാൻഡ് ടീമിൻ്റെ അകമ്പടിയോടെ രണ്ട് പാസിംഗ് ഔട്ട് ബാച്ച് കണ്ടിൻജൻ്റ് ഉൾപ്പെടെ പത്ത് കണ്ടിൻജൻ്റ്കൾ ഉൾപ്പെട്ടതായിരുന്നു പരേഡ്.
ദക്ഷിണ വ്യോമസേനയിൽ ഉദ്യോഗസ്ഥരും,
പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, സ്കൂളിലെ പൂർവവിദ്യാർഥികളുമായ നിരവധി ഉദ്യോഗസ്ഥർ, കേരള സർകാർ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ ജീവിതത്തിൽ ഏറെ നാളായി കാത്തിരുന്ന ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു.
സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ മാധവ് മേനോൻ പരേഡിന് നേതൃത്വം നൽകി, സ്കൂൾ കേഡറ്റ് അഡ്ജുടൻ്റ് അനിൽ കൃഷ്ണ സെക്കൻഡ് ഇൻ കമാൻഡായി. ആചാരപരമായ മാർച്ച്-പാസ്റ്റിനെത്തുടർന്ന്, ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കേഡറ്റുകൾ പ്രദർശിപ്പിച്ച ചടുലമായ എയറോബിക്‌സ് ഡിസ്‌പ്ലേ കാണികളെ ആകർഷിച്ചു,
ചടങ്ങിൽ അഭിസംബോധന ചെയ്ത എയർ മാർഷൽ മണികണ്ഠൻ കേഡറ്റുകളുടെ മികച്ച പരേഡ് പ്രകടനത്തിനെ അഭിനന്ദിക്കുകയും കേഡറ്റുകളുടെ വഴിത്തിരിവാകുന്ന ഈ മുഹൂർത്തത്തിനെ പ്രശംസിക്കുകയും ചെയ്തു. കൂടാതെ, ജീവിതത്തിലെ പുതിയ അധ്യായത്തിൻ്റെ ചവിട്ടുപടിയിൽ നിൽക്കുമ്പോൾ, ഉള്ളിൽ വളർത്തിയെടുത്ത അച്ചടക്കത്തിൻ്റ മൂല്യം വളരെ പ്രധാനമാണെന്ന് ഓർക്കാൻ അദ്ദേഹം കേഡറ്റുകളോട് ആവശ്യപ്പെട്ടു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച മികച്ച കേഡറ്റുകൾക്കുള്ള മെഡലുകൾ മുഖ്യാതിഥി വിതരണം ചെയ്തു. മികച്ച ഓൾറൗണ്ട് കേഡറ്റിനുള്ള മെഡൽ സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ മാധവ് മേനോനും, ഈ വർഷത്തെ ഏറ്റവും മികച്ച കാഡറ്റിനുള്ള അവാർഡ് സ്കൂൾ കേഡറ്റ് അഡ്ജുടൻറ് അനിൽകൃഷ്ണയും ഏറ്റുവാങ്ങി. മികച്ച കായിക താരത്തിനുള്ള മെഡൽ സ്കൂൾ കേഡറ്റ് സർജൻറ് മാസ്റ്റർ സിദ്ധാർത്ഥ് രാജയും, അക്കാദമിക് രംഗത്ത് ക്യാപ്റ്റൻ വിശ്വ കൃഷ്ണമൂർത്തി ഗണേശും മികച്ച കേഡറ്റിനുള്ള അവാർഡുകൾ ഏറ്റുവാങ്ങി. സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി എയർ മാർഷൽ സ്‌പോൺസർ ചെയ്‌ത പുതുതായി അവതരിപ്പിച്ച എൻഡിഎ ട്രോഫി ഹൗസ് ക്യാപ്റ്റൻ വി വിഗ്നേഷിനും അശോക ഹൗസിലെ ഹൗസ് മാസ്റ്റർ യദു കൃഷ്ണനും സമ്മാനിച്ചു.
UPSC, SSB പരീക്ഷകളിൽ വിജയിച്ച കേഡറ്റുകളെ എയർ മാർഷൽ മണികണ്ഠൻ അനുമോദിക്കുകയും ഉയർന്ന ലക്ഷ്യം നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.