ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക സർക്കാർ നയം : മന്ത്രി പി. എ മുഹമ്മദ് റിയാസ്
5 കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മാണം
പാറത്തോട് : പിഡബ്ല്യുഡിയുടെ അധീനതയിലുള്ള പരമാവധി ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും ബിഎം&ബിസി നിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്. 5 കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഇടക്കുന്നം - കൂവപ്പള്ളി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്, മോഹനൻ ടി. ജെ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ-സാമൂഹ്യ-മത നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു .
കൂവപ്പള്ളി,കാരികുളം, സി.എസ്.ഐ, ഇടക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും, ഇടക്കുന്നം ഗവൺമെന്റ് ആശുപത്രി, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള ആളുകൾക്കും ഏറെ പ്രയോജനപ്രദമാണ്. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ ഉൾപ്രദേശ വാർഡുകളായ 7,8,9,10,11,12 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഈ റോഡ് 5 കോടി രൂപ വിനിയോഗിച്ച് ബി എം ആൻഡ് ബി സി നിലവാരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.പാറത്തോട് നിന്ന് എരുമേലി ഭാഗത്തേക്കുള്ള എളുപ്പവഴി എന്നുള്ള നിലയിൽ ശബരിമല തീർത്ഥാടകർക്കും ഈ റോഡ് ഉപകാരപ്രദമാകും. സംസ്ഥാനത്തൊട്ടാകെ നിലവിൽ 15000 കിലോമീറ്റർ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് മുഖേന ബി. എം &ബി. സി നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.