മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ
ഗവർണർ പി.എസ് ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഇവിടെ പുതിയ ഗവർണറെ നിയമിച്ചത്.

ന്യൂദൽഹി: ഗോവ ഉൾപ്പടെ രണ്ട് സംസ്ഥാങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. നിലവിലെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഇവിടെ പുതിയ ഗവർണറെ നിയമിച്ചത്.
ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിന്റെ ലെഫ്റ്റനൻ്റ് ഗവർണറായി കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീധരൻ പിള്ളയ്‌ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.
ഭാവിയെകുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പി.എസ്. ശ്രീധരൻ പിള്ള. ഗോവയിലും മിസോറമിലുമായി ഗവർണർ പദവിയിൽ ആറുവർഷം പൂർത്തിയാക്കി. ജീവിരത്തിൽ ഒരിക്കൽ പോലും ഒരു പദവിയോ സ്ഥാനാർഥിത്വമോ പാർട്ടിയോട് ചോദിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
50 വർഷമായി ഒരു ആശയത്തിന്റെ ഭാഗമായി. അതിൽ പൂർണ സംതൃപ്തനാണ്. എനിക്ക് എല്ലാം പാർട്ടി ചോദിക്കാതെ തന്നെ തന്നിട്ടുണ്ട്. ഒന്നും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. ഗോവയിൽ ഗവർണറായി 4 വർഷം പൂർത്തിയാകുന്ന ദിവസമാണ് ഇന്ന്. അതിന് മുമ്പ് മിസോറമിൽ രണ്ടുവർഷം ഗവർണർ പദവിയിലിരുന്നുവെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്