തിരുവനന്തപുരം : 13 നവംബർ 2025
പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന (പിഎംവിബിആർവൈ) ക്ലസ്റ്റർ ബോധവത്കരണ കാമ്പെയ്‌നിന്റെ ഭാഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആലപ്പുഴ ജില്ലാ ഓഫീസ് ഇന്ന് ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ഫാർമസ്യൂട്ടിക്കൽ, എപിഐ, മരുന്ന് നിർമ്മാണ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു സെഷൻ. കൊച്ചി, ലക്ഷദ്വീപ് മേഖലകളിലെ റീജിയണൽ പിഎഫ് കമ്മീഷണർ ശ്രീ ഉത്തം പ്രകാശ് അധ്യക്ഷത വഹിച്ചു. കൊച്ചി, ലക്ഷദ്വീപ് മേഖലകളിലെ റീജിയണൽ ഓഫീസിന് കീഴിൽ 31,104 സ്ഥാപനങ്ങളുണ്ട്. ഇതിൽ
ആലപ്പുഴ ജില്ലാ ഓഫീസിന് കീഴിലെ 2,960 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 1,61,818 ജീവനക്കാരുണ്ട്. ഈ യൂണിറ്റുകളിൽ പലതും ഫാർമസ്യൂട്ടിക്കൽസ്, ഫോർമുലേഷനുകൾ, എപിഐ ഉത്പാദനം എന്നിവയിൽ പ്രവർത്തിക്കുന്നു, ഇത് ജില്ലയെ ബോധവത്കരണ കാമ്പെയ്‌നിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നു.
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്‌ഡിപി), സാങ്‌റോസ് ലബോറട്ടറീസ്, ഹോംകോ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും കെ.എം.ചെറിയാൻ മെമ്മോറിയൽ ഹോസ്പിറ്റൽ, സേക്രഡ് ഹാർട്ട് ഹോസ്പിറ്റൽ, മോഹം ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ നിന്നുള്ള പ്രതിനിധികളും വെബിനാറിൽ പങ്കെടുത്തു.
പദ്ധതിയുടെ പിന്നിലെ ദർശനം വിശദീകരിച്ചുകൊണ്ട്, പിഎംവിബിആർവൈ വികസിത് ഭാരതിന്റെ ദേശീയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ശ്രീ ഉത്തം പ്രകാശ് പറഞ്ഞു. ₹99,446 കോടി രൂപ അടങ്കലുള്ള ഈ പദ്ധതി 2027 ജൂലൈയോടെ 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്, ഇതിൽ 1.92 കോടി പേർ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎംവിബിആർവൈ പ്രകാരം:
* പുതിയ ജീവനക്കാർക്ക് ₹15,000 വരെ വേതന പിന്തുണ ലഭിക്കും.
* രണ്ട് വർഷത്തേക്ക് പുതിയ ഒരോ തൊഴിലാളിക്കും, തൊഴിലുടമകൾക്ക് ₹3,000 വരെ വേതന പിന്തുണ ലഭിക്കും, ഉൽപ്പാദന മേഖലയ്ക്ക് വിപുലമായ പിന്തുണയും ലഭിക്കും.
ഇപിഎഫ്ഒയിൽ ചേരുന്ന തൊഴിലാളികൾക്ക് സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അംഗങ്ങൾക്ക് ₹7.5 ലക്ഷം വരെ EDLI ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു, എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) പ്രകാരം പെൻഷൻ കവറേജിനൊപ്പം, കുറഞ്ഞത് ₹2.5 ലക്ഷം വരെ സൗജന്യ ആനുകൂല്യവും ലഭിക്കും.
വ്യവസായ പ്രതിനിധികൾ ബോധവത്കരണ സംരംഭത്തെ സ്വാഗതം ചെയ്തു. സെഷൻ ഉപയോഗപ്രദവും ഉചിതമായ സമയത്തുമായിരുന്നുവെന്ന് കെഎസ്‌ഡിപിയിലെ എച്ച്‌ആർ മേധാവി ശ്രീ. സന്ദീപ് അഭിപ്രായപ്പെട്ടു.
ഇപിഎഫ്ഒ കൊച്ചി നൽകുന്ന വ്യക്തമായ വിവരങ്ങളിലൂടെ തൊഴിൽ ശക്തി വിപുലീകരണം ആസൂത്രണം ചെയ്യുമ്പോൾ തൊഴിലുടമകൾക്ക് പിഎംവിബിആർവൈ പൂർണ്ണമായി ഉപയോഗിക്കാൻ സഹായിക്കുമെന്ന് സാങ്‌റോസ് ലബോറട്ടറീസ് ഡയറക്ടർ ശ്രീമതി റീനു അഭിപ്രായപ്പെട്ടു.
കേരളത്തിലെ സ്ഥാപനങ്ങളിൽ 42.9%, അംഗങ്ങളിൽ 50.8%, ക്ലെയിമുകളിൽ 36.5%, പെൻഷൻകാരിൽ 26.5% എന്നിവ ഇപിഎഫ്ഒ കൊച്ചിയുടെ ഭാഗമാണ്. ഇത് ഇപിഎഫ്ഒ പ്രവർത്തനങ്ങളിലും വികസിത് ഭാരതിന് കീഴിൽ ഔപചാരികവൽക്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും അതിന്റെ പ്രധാന പങ്ക് അടിവരയിടുന്നു.
പിഎംവിബിആർവൈയിൽ യോഗ്യരായ ജീവനക്കാരെ രജിസ്റ്റർ ചെയ്യാനും ഇന്ത്യാ ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും ശ്രീ. ഉത്തം പ്രകാശ് എല്ലാ സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. ആർപിഎഫ്‌സി–II ശ്രീമതി റീന മേനോനും സെഷനിൽ പങ്കെടുത്തു. കൂടുതൽ സഹായത്തിന്, സ്ഥാപനങ്ങൾക്ക് ഇപിഎഫ്ഒ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം: 14480.