രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണു ഞങ്ങളുടെ മുന്‍ഗണന: പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു

Mar 31, 2025
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണു ഞങ്ങളുടെ മുന്‍ഗണന: പ്രധാനമന്ത്രി
p m narendramodi
ന്യൂഡൽഹി : 2025 മാർച്ച് 30

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പവിത്രമായ നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ചൈത്ര ശുക്ല പ്രതിപദയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യമെമ്പാടും ഇന്ന് ഗുഡി പദ്വ, ഉഗാദി, നവ്രേ തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന്‍ ജുലേലാലിന്റെയും ഗുരു അംഗദ് ദേവിന്റെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഈ ദിവസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രചോദനാത്മകമായ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ ജന്മവാര്‍ഷികവും രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ മഹത്തായ യാത്രയുടെ ശതാബ്ദി വര്‍ഷവുമാണിതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ സുപ്രധാന ദിനത്തില്‍ ഡോ. ഹെഡ്ഗേവാറിനും ശ്രീ ഗോള്‍വാള്‍ക്കര്‍ ഗുരുജിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിമന്ദിരം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
ഇതേ കാലയളവില്‍ നടക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷവും അടുത്ത മാസം നടക്കാനിരിക്കുന്ന അതിന്റെ ശില്പിയായ ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മവാര്‍ഷികവും ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ദീക്ഷഭൂമിയില്‍ ഡോ. അംബേദ്കറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നതിനെക്കുറിച്ച് ശ്രീ മോദി പരാമര്‍ശിച്ചു. അദ്ദേഹം പൗരന്മാര്‍ക്ക് നവരാത്രിയുടെയും ആഘോഷിക്കപ്പെടുന്ന മറ്റ് ഉത്സവങ്ങളുടെയും ആശംസകള്‍ നേര്‍ന്നു.

സേവനത്തിന്റെ ഒരു പവിത്ര കേന്ദ്രമെന്ന നിലയില്‍ നാഗ്പൂരിനുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ഒരു മഹത്തായ മുന്നേറ്റത്തിന്റെ വികാസത്തെ അംഗീകരിക്കുകയും ചെയ്ത ശ്രീ മോദി, ആത്മീയത, അറിവ്, അഭിമാനം, മാനവികത എന്നിവയെ പ്രതിഫലിപ്പിക്കുന്ന മാധവ് നേത്രാലയയുടെ പ്രചോദനാത്മകമായ ഗീതത്തെക്കുറിച്ച് പരാമര്‍ശിച്ചു. പൂജ്യ ഗുരുജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകളെ പതിറ്റാണ്ടുകളായി സേവിക്കുകയും എണ്ണമറ്റ ജീവിതങ്ങളിലേക്ക് വെളിച്ചം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമായി മാധവ് നേത്രാലയയെ അദ്ദേഹം എടുത്തുപറഞ്ഞു.
മാധവ് നേത്രാലയയുടെ പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം നടന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു, ഈ വികസനം അതിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ആയിരക്കണക്കിന് പുതിയ ജീവിതങ്ങളിലേക്ക് വെളിച്ചം കൊണ്ടുവരുമെന്നും അവരുടെ ജീവിതത്തില്‍ നിന്ന് ഇരുട്ട് അകറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാധവ് നേത്രാലയവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അവരുടെ തുടര്‍ സേവനത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

ചെങ്കോട്ടയില്‍ നിന്ന് 'സബ്കെ പ്രയാസ്' എന്നതിന് ഊന്നല്‍ നല്‍കി ആവര്‍ത്തിച്ച് പറയുകയും ആരോഗ്യ സംരക്ഷണ മേഖലയില്‍ രാജ്യം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്ത പ്രധാനമന്ത്രി, മാധവ് നേത്രാലയ ഈ ശ്രമങ്ങളെ പൂരകമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. 'എല്ലാ പൗരന്മാര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. ഏറ്റവും ദരിദ്രര്‍ക്ക് പോലും സാധ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണം', ഒരു പൗരനും ജീവിതത്തിന്റെ അന്തസ്സ് നഷ്ടപ്പെടരുതെന്നും, രാഷ്ട്രത്തിനായി ജീവിതം സമര്‍പ്പിച്ച മുതിര്‍ന്ന പൗരന്മാര്‍ വൈദ്യചികിത്സയെക്കുറിച്ച് ആശങ്കാകുലരാകേണ്ടിവരരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭാരതിന്റെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ മരുന്നുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പൗരന്മാര്‍ക്ക് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തില്‍ ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ സ്ഥാപിച്ചതിനെക്കുറിച്ചും ടെലിമെഡിസിന്‍ വഴി ആളുകള്‍ക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ സൗകര്യങ്ങള്‍ വൈദ്യപരിശോധനയ്ക്കായി പൗരന്മാര്‍ നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയാക്കുകയും എയിംസ് സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുകയും ചെയ്തത് അടിവരയിട്ടു സൂചിപ്പിച്ച ശ്രീ മോദി, ഭാവിയില്‍ ജനങ്ങളെ സേവിക്കുന്നതിന് കൂടുതല്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷകളില്‍ വൈദ്യശാസ്ത്രം പഠിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും അതുവഴി അവര്‍ക്ക് ഡോക്ടര്‍മാരാകാന്‍ കഴിയുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിലെ പുരോഗതിക്കൊപ്പം രാജ്യം അതിന്റെ പരമ്പരാഗത അറിവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ രാഷ്ട്രത്തിന്റെ യശസ്സ് വര്‍ധിപ്പിക്കുന്ന ഇന്ത്യയുടെ യോഗയും ആയുര്‍വേദവും നേടിയെടുക്കുന്ന ആഗോള അംഗീകാരത്തെക്കുറിച്ചു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഏതൊരു രാഷ്ട്രത്തിന്റെയും നിലനില്‍പ്പ് അതിന്റെ സംസ്‌കാരത്തിന്റെയും അവബോധത്തിന്റെയും തലമുറകളിലൂടെയുള്ള വികാസത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ അടിമത്തത്തിന്റെയും അധിനിവേശങ്ങളുടെയും ചരിത്രം എടുത്തുകാണിച്ചു. അത് അതിന്റെ സാമൂഹിക ഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യയുടെ ബോധം സജീവവും പ്രതിരോധശേഷിയുള്ളതുമായി തുടര്‍ന്നു. 'ഏറ്റവും ദുഷ്‌കരമായ സമയങ്ങളില്‍ പോലും, ഇന്ത്യയിലെ പുതിയ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഈ ബോധം ഉണര്‍ത്തി', ഭക്തി പ്രസ്ഥാനത്തെ ഒരു ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഗുരു നാനാക് ദേവ്, കബീര്‍ ദാസ്, തുളസീദാസ്, സൂര്‍ദാസ്, മഹാരാഷ്ട്രയിലെ സന്ത് തുക്കാറാം, സന്ത് ഏകനാഥ്, സന്ത് നാംദേവ്, സന്ത് ജ്ഞാനേശ്വര്‍ തുടങ്ങിയ സന്യാസിമാര്‍ അവരുടെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ദേശീയ ബോധത്തിലേക്ക് ജീവന്‍ പകര്‍ന്നു. ഈ പ്രസ്ഥാനങ്ങള്‍ വിവേചനത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സമൂഹത്തെ ഏകീകരിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരാശാജനകമായ ഒരു സമൂഹത്തെ പിടിച്ചുകുലുക്കിയ, അതിന്റെ യഥാര്‍ഥ സ്വത്വത്തെ ഓര്‍മിപ്പിച്ച, ആത്മവിശ്വാസം പകര്‍ന്ന ഇന്ത്യയുടെ ദേശീയബോധം മങ്ങാതെ നിലനില്‍ക്കുന്നു എന്നുറപ്പാക്കിയ സ്വാമി വിവേകാനന്ദന്റെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടവെ, കൊളോണിയല്‍ ഭരണത്തിന്റെ അവസാന ദശകങ്ങളില്‍ ഈ ബോധം ഊര്‍ജസ്വലമാക്കുന്നതില്‍ ഡോ. ഹെഡ്ഗേവാറും ഗുരുജിയും വഹിച്ച പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ അവബോധത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിതച്ച ചിന്തയുടെ വിത്ത് ഇപ്പോള്‍ ഒരു വലിയ വൃക്ഷമായി വളര്‍ന്നിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിനു സന്നദ്ധപ്രവര്‍ത്തകര്‍ ശാഖകളായുള്ള ഈ മഹാവൃക്ഷത്തിന് ഉയരം നല്‍കുന്നത് തത്വങ്ങളും ആദര്‍ശങ്ങളുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ആധുനിക അക്ഷയ വടവൃക്ഷമാണ് രാഷ്ട്രീയ സ്വയംസേവക സംഘം, ഈ അക്ഷയവടവൃക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെയും നമ്മുടെ രാജ്യത്തിന്റെ ബോധത്തെയും നിരന്തരം ഊര്‍ജ്ജസ്വലമാക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മാധവ് നേത്രാലയയുടെ പുതിയ കാമ്പസിന്റെ പ്രയാണത്തിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ കാഴ്ചയും ദിശയും തമ്മിലുള്ള സ്വാഭാവിക ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, ''നമുക്ക് നൂറു വര്‍ഷം കാണാന്‍ കഴിയട്ടെ എന്നര്‍ത്ഥം വരുന്ന'' വേദത്തിലെ ''പശ്യേമ ശാരദാഃ ശതം'' എന്ന ഘോഷോച്ചാരണം ഉദ്ധരിച്ചുകൊണ്ട് ജീവിതത്തില്‍ കാഴ്ചയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ബാഹ്യകാഴ്ചയുടെയും ഉള്‍ക്കാഴ്ചയുടെയും പ്രാധാന്യത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി. പ്രജ്ഞാചക്ഷു എന്നറിയപ്പെടുന്ന വിദര്‍ഭയിലെ മഹാ സന്യാസിയായ ശ്രീ ഗുലാബ് റാവു മഹാരാജിനെ അനുസ്മരിച്ച പ്രധാനമന്ത്രി, ചെറുപ്പത്തില്‍ തന്നെ കാഴ്ചശക്തി നഷ്ടപ്പെട്ടുപോയെങ്കിലും, ശ്രീ ഗുലാബ് റാവു മഹാരാജ് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഭൗതീകമായ കാഴ്ച ഇല്ലായിരുന്നെങ്കിലും, ജ്ഞാനത്തില്‍ നിന്ന് ഉത്ഭവിക്കുന്നതും വിവേചനാധികാരത്തിലൂടെ പ്രകടമാകുന്നതുമായ ആഴത്തിലുള്ള കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അത്തരം കാഴ്ച വ്യക്തികളേയും സമൂഹത്തേയും ഒരുപോലെ ശാക്തീകരിക്കുന്നുവെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ബാഹ്യകാഴ്ചയ്ക്കും ആന്തരികകാഴ്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സോദ്ദേശ്യമായ സംഘടനയാണ് ആര്‍.എസ്.എസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാഹ്യകാഴ്ചയുടെ ഉദാഹരണമായി മാധവ് നേത്രാലയയെ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, സംഘത്തിന്റെ സേവനം ആന്തരിക കാഴ്ചയുടെ പര്യായമായി മാറിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ജീവിതത്തിന്റെ ലക്ഷ്യം സേവനവും പരോപകാരവുമാണെന്ന് ഊന്നിപ്പറയുന്ന വേദവാക്യങ്ങളും പ്രധാനമന്ത്രി ഉദ്ധരിച്ചു. മൂല്യങ്ങളില്‍ സേവനം ഉള്‍ച്ചേര്‍ന്നാല്‍, അത് ഒരുതരം ഭക്തിയായി മാറുന്നു, അതാണ് ഓരോ ആര്‍.എസ്.എസ് സന്നദ്ധപ്രവര്‍ത്തകരുടേയും ജീവിതത്തിന്റെ സത്ത എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സേവന മനോഭാവം തലമുറകളോളമുള്ള സന്നദ്ധപ്രവര്‍ത്തകരെ അക്ഷീണം സ്വയം സമര്‍പ്പിക്കാന്‍ പ്രചോദിപ്പിക്കുന്നുവെന്നതും അദ്ദേഹം പറഞ്ഞു. ഈ സമര്‍പ്പണം സന്നദ്ധപ്രവര്‍ത്തകരെ നിരന്തരം സജീവമായി നിലനിര്‍ത്തുകയും തളരുന്നതിനോ നിര്‍ത്തുന്നതിനോ ഒരിക്കലും അവരെ അനുവദിക്കാതിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ പ്രാധാന്യം അതിന്റെ ദൈര്‍ഘ്യത്തിലല്ല, മറിച്ച് അതിന്റെ ഉപയോഗക്ഷമതയിലാണെന്ന ഗുരുജിയുടെ വാക്കുകള്‍ അനുസ്മരിച്ച ശ്രീ മോദി കടമയോടുള്ള പ്രതിബദ്ധയെ നയിക്കുന്ന ''ദേവ് ടു ദേശ്'', ''രാം ടു രാഷ്ട്രം'' എന്നീ തത്വങ്ങളും ഊന്നിപ്പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളോ, കുന്നിന്‍ പ്രദേശങ്ങളോ, വനപ്രദേശങ്ങളോ എവിടെയായാലും, സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ മേഖലകളിള്‍ നടത്തുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളും അദ്ദേഹം പ്രസ്താവിച്ചു. വനവാസി കല്യാണ്‍ ആശ്രമങ്ങള്‍, ആദിവാസി കുട്ടികള്‍ക്കുള്ള ഏകല്‍ വിദ്യാലയങ്ങള്‍, സാംസ്‌കാരിക ഉണര്‍വ് ദൗത്യങ്ങള്‍, പാവപ്പെട്ടവരെ സേവിക്കാനുള്ള സേവാഭാരതിയുടെ പരിശ്രമങ്ങള്‍ തുടങ്ങിയ പ്രവർത്തികളിലെ അവരുടെ പങ്കാളിത്തം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. നേത്ര കുംഭ് എന്ന സംരമ്പത്തിലൂടെ പ്രയാഗ് മഹാകുംഭമേള സമയത്ത് ദശലക്ഷക്കണക്കിന് ജനങ്ങളെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രശംസിച്ച അദ്ദേഹം സേവനം ആവശ്യമുള്ളിടത്തെല്ലാം സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ടായിരിക്കുമെന്നും തറപ്പിച്ചുപറഞ്ഞു. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ അച്ചടക്കത്തോടെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസ്താവിച്ച അദ്ദേഹം അവരുടെ നിസ്വാര്‍ത്ഥതയേയും സേവനത്തോടുള്ള സമര്‍പ്പണത്തേയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ''സേവ എന്നത് ഒരു ത്യാഗാഗ്‌നിയാണ്, ആഹുതിപോലെ നമ്മള്‍ അതിനെ ജ്വലിപ്പിക്കുന്നു, ലക്ഷ്യത്തിന്റെ സമുദ്രത്തില്‍ ലയിപ്പിക്കുന്നു'', അദ്ദേഹം ഉദ്ധരിച്ചു.


സംഘത്തെ സര്‍വ്വവ്യാപി എന്ന് വിശേഷിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ഒരിക്കല്‍ ഗുരുജിയോട് ചോദിച്ചുതുമായി ബന്ധപ്പെട്ട പ്രചോദനാത്മകമായ ഒരു കഥ പങ്കുവെച്ച ശ്രീ മോദി, സംഘത്തെ വെളിച്ചവുമായാണ് ഗുരുജി താരതമ്യം ചെയ്തതെന്ന് പറഞ്ഞു. വെളിച്ചം എല്ലാ ജോലികളും സ്വയം നിര്‍വഹിക്കില്ലെങ്കിലും, അത് ഇരുട്ടിനെ അകറ്റുകയും മറ്റുള്ളവര്‍ക്ക് മുന്നോട്ടുള്ള വഴി കാണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതായും മോദി വ്യക്തമാക്കി. ഒരു ജീവിത മന്ത്രമായി വര്‍ത്തിക്കുന്ന ഗുരുജിയുടെ ഉപദേശങ്ങള്‍, പ്രകാശത്തിന്റെ ഉറവിടമാകാനും, തടസ്സങ്ങള്‍ മറികടക്കാനും, പുരോഗതിയിലേക്കുള്ള വഴിയൊരുക്കാനും എല്ലാവരേയും പ്രേചോദിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഞാനല്ല, നിങ്ങളാണ്, എന്റേതല്ല, രാഷ്ട്രത്തിനുവേണ്ടിയുള്ളതാണ്'' എന്നീ തത്ത്വങ്ങളിലൂടെ നിസ്വാര്‍ത്ഥതയുടെ സത്തയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

''ഞാന്‍'' എന്നതിനേക്കാള്‍ ''നമ്മള്‍'' എന്നതിന് മുന്‍ഗണന നല്‍കേണ്ടതിന്റെയും എല്ലാ നയങ്ങളിലും തീരുമാനങ്ങളിലും രാഷ്ട്രത്തിന് പ്രഥമ സ്ഥാനം നല്‍കേണ്ടതിന്റേയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, അത്തരമൊരു സമീപനം രാജ്യമെമ്പാടും ദൃശ്യമാകുന്ന നല്ല ഫലങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. കൊളോണിയല്‍ മനോഭാവത്തിനപ്പുറത്തേക്ക് നീങ്ങേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കികൊണ്ട് രാഷ്ട്രത്തെ പിന്നോട്ട് വലിക്കുന്ന ചങ്ങലകള്‍ പൊട്ടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. 70 വര്‍ഷം അപകര്‍ഷതയോടെ കൊണ്ടുനടന്ന കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങളെ, ദേശീയ അഭിമാനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ ഇന്ത്യ മാറ്റിസ്ഥാപിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരെ താഴ്ത്തിക്കെട്ടാന്‍ രൂപകല്‍പ്പന ചെയ്ത കാലഹരണപ്പെട്ട ബ്രിട്ടീഷ് നിയമങ്ങള്‍ക്ക് പകരം പുതിയ ഭാരതീയ ന്യായ് സംഹിത കൊണ്ടുവന്നത് അദ്ദേഹം സൂചിപ്പിച്ചു. കടമയ്ക്ക് മുകളില്‍ കൊളോണിയല്‍ പാരമ്പര്യത്തെ പ്രതീകപ്പെടുത്തിയിരുന്ന രാജ്പഥിനെ കര്‍ത്തവ്യ പാതയാക്കി മാറ്റിയത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. അഭിമാനത്തോടെ ഛത്രപതി ശിവാജി മഹാരാജിന്റെ ചിഹ്നം ഇപ്പോള്‍ ഉള്‍ക്കൊള്ളുന്ന നാവികസേനയുടെ പതാകയില്‍ നിന്ന് കൊളോണിയല്‍ ചിഹ്‌നങ്ങള്‍ നീക്കം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ നായകന്മാരെ ആദരിക്കുന്നതിനായി രാഷ്ട്രത്തിനുവേണ്ടി വീര്‍ സവര്‍ക്കര്‍ കഷ്ടപ്പാടുകള്‍ സഹിച്ചതും നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കിയതുമായ ആന്‍ഡമാന്‍ മേഖലയിലെ ദ്വീപുകളുടെ പേരുകള്‍ മാറ്റി പ്രഖ്യാപിച്ചതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

"ഇന്ത്യയുടെ "വസുധൈവ കുടുംബകം" എന്ന മാർഗ്ഗനിർദ്ദേശക തത്വം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തുന്നു, ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ അത് പ്രതിഫലിക്കുന്നു", ശ്രീ മോദി ഉദ്‌ഘോഷിച്ചു, കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് ഇന്ത്യ നടത്തിയ ശ്രമങ്ങളെ എടുത്തുകാണിച്ച അദ്ദേഹം  ലോകത്തിന് ഒരു കുടുംബമെന്ന നിലയിൽ ഇന്ത്യ  വാക്സിനുകൾ നൽകിയതിനെ പ്രത്യേകം പരാമർശിച്ചു . "ഓപ്പറേഷൻ ബ്രഹ്മ" എന്ന പേരിൽ മ്യാൻമറിൽ അടുത്തിടെയുണ്ടായ ഭൂകമ്പം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളോടുള്ള ഇന്ത്യയുടെ സമയബന്ധിതമായ പ്രതികരണവും തുർക്കിയിലെയും നേപ്പാളിലെയും ഭൂകമ്പങ്ങൾക്കിടയിലും മാലിദ്വീപിലെ ജലപ്രതിസന്ധിയിലും സഹായം നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾക്കിടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഇന്ത്യയുടെ പുരോഗതി ആഗോള ദക്ഷിണേന്ത്യയുടെ ശബ്ദം വർദ്ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളിൽ നിന്നാണ് ആഗോള സാഹോദര്യത്തിന്റെ ഈ മനോഭാവം ഉടലെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ യുവാക്കളെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി , ആത്മവിശ്വാസവും വെല്ലുവിളി ഏറ്റെടുക്കാനുള്ള അവരുടെ  വർദ്ധിച്ച ശേഷിയേയും പ്രത്യേകം പരാമർശിക്കുകയും, നവീകരണത്തിനും, സ്റ്റാർട്ടപ്പുകൾക്കും, അവർ നൽകിയ സംഭാവനകളെയും ഇന്ത്യയുടെ പൈതൃകത്തിലും സംസ്കാരത്തിലുമുള്ള അവരുടെ അഭിമാനത്തേയും ചൂണ്ടിക്കാട്ടി. പ്രയാഗ് മഹാകുംഭിൽ ലക്ഷക്കണക്കിന് യുവാക്കളുടെ പങ്കാളിത്തം ഇന്ത്യയുടെ ശാശ്വത പാരമ്പര്യങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു. ദേശീയ ആവശ്യങ്ങളിൽ യുവാക്കൾക്കുള്ള ശ്രദ്ധ, "മെയ്ക്ക് ഇൻ ഇന്ത്യ"യുടെ വിജയത്തിൽ അവരുടെ പങ്ക്, പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള അവരുടെ ശബ്ദ പിന്തുണ എന്നിവയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന, കായിക മേഖലകൾ മുതൽ ബഹിരാകാശ പര്യവേഷണം വരെ മികവ് പുലർത്തുന്ന, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും പ്രവർത്തിക്കാനുമുള്ള അവരുടെ ദൃഢനിശ്ചയത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047 ആകുമ്പോഴേക്കും ഇന്ത്യയിലെ യുവാക്കൾ വികസിത  ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ യാത്രയ്ക്ക് പിന്നിലെ പ്രേരകശക്തിയായി സംഘടന, സമർപ്പണം, സേവനം എന്നിവയുടെ സമന്വയത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആർ‌എസ്‌എസിന്റെ പതിറ്റാണ്ടുകളുടെ പരിശ്രമവും സമർപ്പണവും ഫലം കാണുന്നുണ്ടെന്നും  ഇന്ത്യയുടെ വികസനത്തിൽ ഒരു പുതിയ അധ്യായം രചിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1925-ൽ ആർ.എസ്.എസ്. സ്ഥാപിക്കപ്പെട്ടപ്പോഴുള്ള വൈരുദ്ധ്യാത്മക സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. പോരാട്ടങ്ങളും സ്വാതന്ത്ര്യം എന്ന സർവപ്രധാന ലക്ഷ്യവും നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത്. 'രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ'  100 വർഷത്തെ യാത്രയുടെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. 2025 മുതൽ 2047 വരെയുള്ള കാലയളവ് രാഷ്ട്രത്തിന് മുന്നിൽ  പുതിയതും അഭിലാഷപൂർണ്ണവുമായ ലക്ഷ്യങ്ങൾ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മഹത്തായ ദേശീയ കെട്ടിടത്തിന്റെ അടിത്തറയിൽ ഒരു ചെറിയ കല്ലാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഗുരുജിയുടെ ഒരു കത്തിലെ പ്രചോദനാത്മകമായ വാക്കുകൾ അദ്ദേഹം ഓർമ്മിച്ചു. സേവനത്തോടുള്ള പ്രതിബദ്ധത ജ്വലിപ്പിക്കുകയും, അക്ഷീണ പരിശ്രമം നിലനിർത്തുകയും, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അയോധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുമ്പോൾ പങ്കുവെച്ചതുപോലെ, അടുത്ത ആയിരം വർഷത്തേക്ക് ശക്തമായ ഒരു ഇന്ത്യയ്ക്ക് അടിത്തറ പാകുക എന്ന തന്റെ ദർശനം അദ്ദേഹം ആവർത്തിച്ചു. ഡോ. ഹെഡ്‌ഗേവാർ, ഗുരുജി തുടങ്ങിയ പ്രതിഭകളുടെ മാർഗനിർദ്ദേശങ്ങൾ  രാജ്യത്തെ ശാക്തീകരിക്കുന്നത്  തുടരുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഇന്ത്യ എന്ന ദർശനം നിറവേറ്റുന്നതിനും തലമുറകളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനുമുള്ള ദൃഢനിശ്ചയം ഉറപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സ്വാമി ഗോവിന്ദ് ദേവഗിരി മഹാരാജ്, സ്വാമി അവധേശാനന്ദ് ഗിരി മഹാരാജ്, ഡോ. അവിനാഷ് ചന്ദ്ര അഗ്നിഹോത്രി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.