സംസ്ഥാന ഡാറ്റയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിന് മുൻഗണന: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

Jun 23, 2026
സംസ്ഥാന ഡാറ്റയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിന്  മുൻഗണന: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
P K KUNJALIKUTTY I T MINISTER KERALA

ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യമാണെന്നും വ്യവസായ-വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'സംസ്ഥാന ഡാറ്റയ്ക്കായുള്ള സൈബർ സുരക്ഷാ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഡിജിറ്റൽ ഭരണസംവിധാനങ്ങളും ഓൺലൈൻ സർക്കാർ സേവനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, നിർണായക ഡിജിറ്റൽ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങിയ സൈബർ ഭീഷണികൾ വർധിച്ചുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഏകോപനവും ആധുനിക സൈബർ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. സംസ്ഥാനങ്ങളിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ദേശീയതല കൺസൾട്ടേറ്റീവ് പ്രക്രിയയുടെ ഭാഗമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാർ, ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാർ, സൈബർ സുരക്ഷാ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, വ്യവസായ-അക്കാദമിക് രംഗങ്ങളിലെ പ്രതിനിധികൾ എന്നിവർ വർക്ക്ഷോപ്പിൽ പങ്കെടുത്തു.

റിസ്‌ക് അടിസ്ഥാനമാക്കിയുള്ള സൈബർ സുരക്ഷാ വിലയിരുത്തലുകൾ, സ്റ്റേറ്റ് ഡാറ്റാ സെന്ററുകളുടെ സുരക്ഷ, ഇൻസിഡന്റ് റെസ്‌പോൺസ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, സൈബർ സുരക്ഷാ ഭരണത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാരുടെ പങ്ക്, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുകൾ, ഉയർന്നുവരുന്ന സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങൾ സെഷനുകളിൽ ചർച്ച ചെയ്തു.

സർക്കാർ സംവിധാനങ്ങളുടെ നിലവിലെ സൈബർ സുരക്ഷാ നില, സുരക്ഷിത ആപ്ലിക്കേഷൻ വികസനം, സൈബർ ക്രൈസിസ് മാനേജ്‌മെന്റ് പ്ലാനുകളുടെ നടപ്പാക്കൽ, ത്രെറ്റ് ഇന്റലിജൻസ്, തുടർച്ചയായ നിരീക്ഷണം എന്നിവയെ ആസ്പദമാക്കിയുള്ള പ്രതിരോധ സംവിധാനങ്ങളും വർക്ക്ഷോപ്പിൽ വിലയിരുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോവറിൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സീറോ ട്രസ്റ്റ് ആർക്കിടെക്ചർ തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട സൈബർ സുരക്ഷാ വെല്ലുവിളികളും അവസരങ്ങളും വിദഗ്ധർ അവതരിപ്പിച്ചു.

വർക്ക്ഷോപ്പിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളും ശുപാർശകളും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് സമർപ്പിക്കും. സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സർക്കാർ ഡാറ്റയും കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഭാവി സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിനും ഈ ശുപാർശകൾ സഹായകരമാകും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.