പൊതുജനവുമായുള്ള മികച്ച ആശയവിനിമയം ഭരണനിർവഹണത്തിന്റെ ശക്തമായ ഒരു ഉപകരണമാണ്- പി ഹേമലത ഐഎഎസ്
വ്യാജ വാർത്തകളെക്കുറിച്ച് ജാഗ്രത പാലിക്കണം- വി പളനിച്ചാമി ഐ ഐ എസ്
2024-25 സാമ്പത്തിക വർഷത്തിൽ സ്‌പൈസസ് ബോർഡ് 4.7 ബില്യൺ ഡോളറിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതി എന്ന നിർണായക നേട്ടം കൈവരിച്ചതായി സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമ ശ്രീ. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഏലത്തിന്റെ നിരസിക്കൽ നിരക്ക് കേവലം 0.5% മാത്രമാണെന്നും ഡോ. രമ കൂട്ടിച്ചേർത്തു. കൊച്ചിയിലെ സ്‌പൈസസ് ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഇന്റർ-മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. രമ. ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുക, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യമിടുന്നതെന്നും ഡോ. രമ സൂചിപ്പിച്ചു.
പൊതുജനവുമായുള്ള മികച്ച ആശയവിനിമയം ഭരണനിർവഹണത്തിന്റെ ശക്തമായ ഒരു ഉപകരണമാണെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ സ്പൈസസ് ബോർഡ് സെക്രട്ടറി ശ്രീമതി പി. ഹേമലത ഐഎഎസ്, എടുത്തുകാട്ടി. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതിനും, പരസ്പരം വിവരങ്ങൾ കൈമാറി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനും, സഹകരണത്തിനും മെച്ചപ്പെടുത്തലിനുമുള്ള വഴികൾ തിരിച്ചറിയുന്നതിനും ഐഎംപിസിസി യോഗം മികച്ച അവസരം നൽകുന്നുവെന്ന് ശ്രീമതി ഹേമലത അഭിപ്രായപ്പെട്ടു.
കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളും, കർഷകർക്കും ഉൽപ്പാദകർക്കും വേണ്ടിയുള്ള നിരവധി പദ്ധതികളുടെ നടപ്പാക്കലും യോഗത്തിൽ സ്പൈസസ് ബോർഡ് എടുത്തുകാട്ടി. സുഗന്ധവ്യഞ്ജനങ്ങളെയും പാചകത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങളെയും ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന, സ്പൈസസ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻഡ് കലിനറി ഹെർബ്സിന്റെ (CCSCH) പ്രവർത്തനങ്ങളെക്കുറിച്ചും ബോർഡ് യോഗത്തിൽ വിശദീകരിച്ചു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാര രംഗത്ത് ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര കുരുമുളക് സമ്മേളനത്തെക്കുറിച്ചും ബോർഡ് പരാമർശിച്ചു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ ഭാവി പ്രവർത്തനങ്ങൾ, രാജസ്ഥാനിൽ ആദ്യത്തെ ഡ്രോൺ പരിശീലന അക്കാദമിയുടെ സ്ഥാപനം എന്നിവ ഉൾപ്പെടെയുള്ള സംഘടനയുടെ പുതിയ സംരംഭങ്ങളെക്കുറിച്ച്, യോഗത്തിൽ പങ്കെടുത്ത സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (CISF) ഉദ്യോഗസ്ഥ വിവരിച്ചു. ഉപഭോക്തൃ സേവനങ്ങളും ഡിജിറ്റൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ചിട്ടുള്ള പുതിയതും ആകർഷകവുമായ പദ്ധതികളുടെ വിശദാംശങ്ങൾ BSNL പ്രതിനിധി വിശദീകരിച്ചു.
സ്വച്ഛ് ഭാരത് മിഷൻ, വിജിലൻസ് അവബോധ വാരത്തിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ പരിപാടികളുടെ വിശദാംശങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കുവെച്ചു.
സമാപന പ്രസംഗത്തിൽ, അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ശ്രീ വി. പളനിച്ചാമി ഐഐഎസ്, മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുകയും ദൈനംദിന ജീവിതത്തിൽ അൽഗോരിതങ്ങൾക്കുള്ള വലിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡിജിറ്റൽ യുഗത്തിൽ ഉത്തരവാദിത്തത്തോടെയുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് വ്യാജ വാർത്തകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
IMPCC-യെക്കുറിച്ച്
സർക്കാർ പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനായി, കേന്ദ്ര സർക്കാർ വകുപ്പുകളുടെ പബ്ലിസിറ്റി വിഭാഗങ്ങൾക്കിടയിലെ ഏകോപനത്തിനായുള്ള ഒരു സുപ്രധാന വേദിയായി ഐഎംപിസിസി പ്രവർത്തിക്കുന്നു.


