ഓസ്ട്രിയയിലേയ്ക്ക് നോർക്ക വഴി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി
ട്രേഡ് കമ്മീഷണർ ഹാൻസ് ജോർഗ് ഹോർട്ട്‌നാഗൽ നോർക്ക സന്ദർശിച്ചു
കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ ട്രേഡ് കമ്മീഷണർ ആന്റ് കൊമ്മേഴ്‌സ്യൽ കൗൺസിലർ ഹാൻസ് ജോർഗ് ഹോർട്ട്‌നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്.
പ്രതിവർഷം 7000 മുതൽ 9000 നഴ്‌സിങ് പ്രൊഫഷണലുകൾക്കാണ് നിലവിൽ ഓസ്ട്രിയയിൽ അവസരമുളളത്. കെയർ ഹോം, ഹോസ്പിറ്റലുകൾ, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്‌നാഗൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുളള നഴ്‌സുമാർ മികച്ച നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റായ ട്രിപ്പിൾവിൻ മാതൃകയിൽ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റിനുളള സാധ്യതകൾ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയിൽ അജിത് കോളശ്ശേരി പറഞ്ഞു.
തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജിൽ നിന്നും അസോസിയേറ്റ് പ്രൊഫസർമാരായ റീന എ തങ്കരാജ്, ശോഭ പി.എസ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്‌നോളജി ഡയറക്ടർ ആശാ.എസ്.കുമാർ, നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേഷൻ ഓഫീസർ സുഷമാഭായി, മറ്റ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.