നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ
നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (സെപ്റ്റംബർ മൂന്ന്) ഉച്ചയ്ക്ക് രണ്ടിന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (സെപ്റ്റംബർ മൂന്ന്) ഉച്ചയ്ക്ക് രണ്ടിന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി മുഖ്യാതിഥി ആയിരിക്കും.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ രാജമോഹനൻ, വൈസ് ചെയർപേഴ്‌സൺ പ്രിയ സുരേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ ശ്രീജ, നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ വി.എം എന്നിവരും പങ്കെടുക്കും.
2021-22 പ്ലാൻ സ്‌കീം പദ്ധതി പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിതത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.
നെയ്യാറ്റിൻകര മണ്ഡലത്തിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ നെയ്യാറ്റിൻകര, കുളത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. തിരുപുറം വില്ലേജ് ഓഫീസിന് 2022-23 ലെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ളതും, അതിയന്നൂർ, ചെങ്കൽ, കാരോട്, പെരുമ്പഴുതൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ അനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.
നെയ്യാറ്റിൻകര താലൂക്കിൽ എട്ട് വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറിയത്.