പുതിയ കേരള ഗവർണറുടെ ആദ്യ ബിരുദദാനച്ചടങ്ങ് ഫിഷറീസ് സർവകലാശാലയിൽ
രാഷ്ട്ര രൂപീകരണത്തിന് മത്സ്യ സമുദ്ര മേഖലയിലെ വിജ്ഞാനം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം- ഗവർണർ.

എറണാകുളം : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പത്താമത് ബിരുദദാന ചടങ്ങ് കൊച്ചിയിലെ ആസ്ഥാനത്ത് നടന്നു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ചാൻസിലർ ആയി നിയമിതനായ ശേഷം പങ്കെടുക്കുന്ന ആദ്യ ബിരുദദാന ചടങ്ങായിരുന്നു ഇത്. ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ- ചാൻസിലറുമായ സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പ്രദീപ് കുമാർ ടി സർവ്വകലാശാലയുടെ അക്കാദമിക - ഗവേഷണ നേട്ടങ്ങൾ എടുത്തു പറഞ്ഞു.
മത്സ്യ-സമുദ്ര പഠന മേഖലയിലുള്ള അറിവിലൂടെ പ്രാപ്തമാക്കുന്ന സ്വഭാവരൂപീകരണം സാമൂഹിക വികസനത്തിനും രാഷ്ട്ര നിർമാണത്തിലും ഉതകുന്ന രീതിയിൽ ഉപയുക്തമാക്കണമെന്നും, പണവും പ്രശസ്തിയും പ്രഥമ ലക്ഷ്യമാക്കരുതെന്നും ചാൻസിലർ കൂടിയായ ഗവർണർ നിർദ്ദേശിച്ചു. പുരസ്കാര ജേതാക്കൾ ജോലി തേടുന്നവർ ആയിരിക്കാതെ ജോലി നൽകുന്നവരാകണമെന്നും ചാൻസിലർ അഭിപ്രായപ്പെട്ടു.
മത്സ്യ സമുദ്ര മേഖലയിലെ നവീന കോഴ്സുകൾ നടത്തുന്ന രാജ്യത്തെ ഏക യൂണിവേഴ്സിറ്റി എന്ന നിലയിൽ ഈ മേഖലയിലെ സുസ്ഥിരവികസനത്തിനുള്ള മാനവ വിഭവശേഷി സംഭാവന ചെയ്യുന്നതിന് ആവശ്യമായ കൂടുതൽ അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് സർക്കാരിൻറെ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.ചടങ്ങിൽ ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് എൻജിനീയറിങ്, ഫിഷറീസ് മാനേജ്മെൻറ് എന്നീ നാല് ഫാക്കൽറ്റുകളിൽ 28 കോഴ്സുകളിലായി മികവ് തെളിയിച്ച 520 വിദ്യാർഥികൾക്ക് ബിരുദങ്ങൾ സമ്മാനിച്ചു.അവാർഡിന് അർഹരായവരിൽ ബി എഫ് എസ് സി, ബിടെക് ഫുഡ് ടെക്നോളജിൽ എന്നീ കോഴ്സുകളിൽ 124 ബിരുദധാരികളും , ബിരുദാനന്തര ബിരുദത്തിൽ ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിന്ന് 353 ബിരുദാനന്തര ബിരുധധാരികളും ഉൾപ്പെടുന്നു. കൂടാതെ കഴിഞ്ഞ അധ്യായന വർഷത്തിൽ ഫിഷറീസ് സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് മാനേജ്മെൻറ് വിഭാഗങ്ങളിലായി ഗവേഷണം പൂർത്തിയാക്കിയ 43 പേർക്ക് പി എച്ച് ഡി ബിരുദങ്ങളും സമ്മാനിച്ചു. എല്ലാ ബിരുദദാരികളും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുകയില്ല എന്ന സമ്മതപത്രം നൽകി. അക്കാദമിക് മികവിനുള്ള അംഗീകാരമായി 41 സ്വർണ്ണമെഡലുകൾ, 3 എൻഡോവ്മെന്റ് അവാർഡുകൾ, ഒരു അവാർഡ് ഓഫ് എക്സലൻസ്, 2 ഫാക്കൽറ്റി എക്സലൻസ് അവാർഡ് എന്നിവയും ചടങ്ങിൽ ഗവർണർ സമ്മാനിച്ചു.
സെനറ്റ് അംഗം കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, ഗവേണിങ് കൗൺസിൽ അംഗങ്ങളായ സി. എസ്. സുജാത, ശ്രീകുമാർ ഉണ്ണിത്താൻ, അജയൻ സി, എ. എം. ജാഫർ, അനിൽ രാജേന്ദ്രൻ, സുരേഷ് എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.