നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമര ഏകപ്രതി; കുറ്റപത്രം ഇന്ന് സമർപ്പിക്കും
ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാരുൾപ്പെടെ 133 സാക്ഷികളാണുള്ളത്

പാലക്കാട് : കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ആലത്തൂര്‍ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിക്കുക. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാരുൾപ്പെടെ 133 സാക്ഷികളാണുള്ളത്.ചെന്താമരക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ആവശ്യപ്പെട്ടു. ചെന്താമര ജാമ്യത്തിലിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും, സർക്കാർ തങ്ങളെ സംരക്ഷിക്കണമെന്നും കുട്ടികൾ പറഞ്ഞു.
മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ സമർപ്പിക്കും. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരിൽ കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യ മൊഴിയും കുറ്റപത്രത്തിലുണ്ട്.
കൊലപാതകം നടന്ന് അമ്പത് ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ജനുവരി 27നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.