നവീന്റെ മൃതദേഹം നാട് ഏറ്റുവാങ്ങി; സംസ്കാരം ഇന്ന്
റവന്യു മന്ത്രി കെ. രാജൻ ഇന്ന് പത്തനംതിട്ടയിലെത്തി നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിക്കും.
പത്തനംതിട്ട: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം മലയാലപ്പുഴ സ്വദേശി നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ട ഏറ്റുവാങ്ങി. കർമരംഗത്ത് ഏറെക്കാലം താൻ സേവനം ചെയ്ത പത്തനംതിട്ടയിലേക്കെത്തിച്ച മൃതദേഹം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റർ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 10ന് കളക്ടറേറ്റില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്നു ജന്മനാടായ മലയാലപ്പുഴയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ വീട്ടുവളപ്പില്‍ സംസ്കരിക്കും.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും ഇന്നലെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. കടകളടഞ്ഞു കിടന്നു.
വിവിധ സ്ഥലങ്ങളിൽ പ്രതിഷേധയോഗവും നടന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുന്പിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു.
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യു വകുപ്പ് ജീവനക്കാർ ഇന്നലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.
പത്തനംതിട്ടയിൽ അവശ്യസേവന വിഭാഗത്തിലേതൊഴികെ 99 ശതമാനം പേരും ജോലിക്ക് ഹാജരായില്ല.
കളക്ടറേറ്റില്‍ 141 ജീവനക്കാരില്‍ ഏഴു പേര് മാത്രമാണ് ഹാജരായത്. പ്രതിഷേധം ഇന്നും തുടരും. നവീൻ ബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്പോഴും തുടർന്നു സംസ്കാര ചടങ്ങുകളിലും ജീവനക്കാർ പങ്കെടുക്കും. ഇന്ന് തിരുവല്ലയിൽ നടക്കേണ്ടിയിരുന്നജില്ലാതല പട്ടയമേള മാറ്റിവച്ചു.
റവന്യു മന്ത്രി കെ. രാജൻ ഇന്ന് പത്തനംതിട്ടയിലെത്തി നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിക്കും. മന്ത്രി വീണാ ജോർജ് ഇന്നലെ മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുആന്റോ ആന്റണി എം പി ,പ്രമോദ് നാരായൺ എം എൽ എ എന്നിവരും നവീന്റെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിിസി പ്രസിഡന്റ് കെ. സുധാകരന് എന്നിവര്‍ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.