എന്‍ പി എസ് വാത്സല്യ പദ്ധതി കേരളത്തിലും തുടക്കമായി
ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതി
കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്ന എന്‍ പി എസ് വാത്സല്യ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതിയാണ് എന്‍ പി എസ് വാത്സല്യ പദ്ധതിയെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജറുമായ പ്രദീപ് കെ എസ് അഭിപ്രായപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതി ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിവിധ പൊതുമേഖലാ ബാങ്കുകളിലേയും നബാര്‍ഡിലേയും പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 40 ലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ തുക നിക്ഷേപിച്ച് അവരുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കാനും അതിന്റെ പലിശയിലൂടെ ദീര്‍ഘകാല സമ്പത്ത് ഉറപ്പാക്കാനും എന്‍ പി എസ് പദ്ധതി മാതാപിതാക്കള്‍ക്ക് അവസരം നല്‍കുന്നു. ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും ഓണ്‍ലൈനായും പദ്ധതിയില്‍ 1000 രൂപ നിക്ഷേപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. പ്രതിവര്‍ഷം കുറഞ്ഞത് 1000 രൂപ മുതല്‍ നിക്ഷേപിക്കാം.നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. കുട്ടികളുടെ പേരില്‍ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന വിധത്തില്‍, ഇന്ത്യയുടെ പെന്‍ഷന്‍ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നതാണ് ഈ പുതിയ സംരംഭം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പി എഫ് ആര്‍ ഡി എ) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക.