നഞ്ചൻകോട്- വയനാട്- നിലമ്പൂർ റെയിൽവേ; സർവേ പൂർത്തിയായി
ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശ സർവേ, ഉപഗ്രഹ സർവേ, പാത പോകുന്ന സ്ഥലങ്ങളിലൂടെ നേരിട്ടുള്ള സർവേ എന്നിവയാണ് പൂർത്തിയായത്
സുൽത്താൻ ബത്തേരി: നഞ്ചൻകോട്- നിലമ്പൂർ റെയിൽവേ പാതക്ക് വേണ്ടി മൂന്നു ഘട്ടങ്ങളിലായി നടത്തിയ സർവേ പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് റെയിൽവേക്കു വേണ്ടി സർവേ നടത്തിയത്. ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശ സർവേ, ഉപഗ്രഹ സർവേ, പാത പോകുന്ന സ്ഥലങ്ങളിലൂടെ നേരിട്ടുള്ള സർവേ എന്നിവയാണ് പൂർത്തിയായത്.ഒരു വർഷത്തിനുള്ളിൽ ഡി.പി.ആർ സമർപ്പിക്കുമെന്നാണ് 7 മാസം മുമ്പ് സർവേ തുടങ്ങിയപ്പോൾ അധികൃതർ അറിയിച്ചിരുന്നത്. നിലമ്പൂരിൽ നിന്ന് മേപ്പാടി, ബത്തേരി, കർണാടകയിലെ ചിക്കബെർഗി വഴി നഞ്ചൻകോടിലെത്തുന്ന പാതയുടെ ദൈർഘ്യം ഏകദേശം 190 കിലോമീറ്ററാണ്.ദൂരവും പാത പോകുന്ന വഴിയും ഡി.പി.ആറിനു ശേഷമേ കൃത്യമാകൂ. ഡി.പി.ആർ തയാറാകാത്തതിനാൽ ഈ മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പാത ഉൾപ്പെടുമോ എന്ന് ഉറപ്പില്ല. പിങ്ക് ബുക്കിലും 3000 കോടി രൂപയുടെ റെയിൽവേ പദ്ധതികളിൽ മുമ്പ് ഉൾപ്പെടുത്തുകയും, സർവേ നടപടികൾക്ക് അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ ബജറ്റിൽ പാത ഉൾപ്പെടുത്താനുള്ള സാധ്യതയും തള്ളാനാവില്ല. പദ്ധതിക്ക് 6000 കോടി രൂപയെങ്കിലും ചെലവാകും. മലയിടുക്കുകളിലും വയനാട്, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിലും ടണൽ വഴിയാണ് പാത പോവുക. പാത യാഥാർഥ്യമായാൽ ചരക്കു നീക്കത്തിനും ടൂറിസം വികസനത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാകും.