വയനാട് ഉരുൾപൊട്ടൽ: ഒന്നാംഘട്ട പുനരധിവാസ പട്ടികയ്ക്ക് അംഗീകാരം
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക

കൽപ്പറ്റ: വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം. കരടു പട്ടികയിൽനിന്നുള്ള 235 പേരും പരാതികളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ ഏഴുപേരുമടക്കം 242 പേരാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്നവർ, പാടികളിൽ താമസിച്ചിരുന്നവർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മറ്റു സ്ഥലങ്ങളിൽ വീട് ഇല്ലാത്തവരാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.ദുരന്ത മേഖലയിൽ ഉൾപ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തിയാവും രണ്ടാംഘട്ട പട്ടിക.നാശം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് മറ്റെവിടെയെങ്കിലും താമസയോഗ്യമായ വീടില്ലെങ്കിൽ മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടാവൂ. മറ്റെവിടെയെങ്കിലും വീട് ഉണ്ടെങ്കിൽ, വീടുകളുടെ നാശനഷ്ടത്തിന് നാല് ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരം അനുവദിക്കും.