മുല്ലപ്പെരിയാർ കേസ് ; കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമായ പരിഹാരമുണ്ടാക്കണം : നാലാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ട സമിതിക്ക് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാദം കേട്ടശേഷം ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരമുണ്ടാക്കണമെന്ന് പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതിക്ക് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ പ്രതിനിധികളായ മേൽനോട്ട സമിതിയുടെ യോഗം ഒരാഴ്‌ചയ്‌ക്കകം അധ്യക്ഷൻ വിളിച്ചുചേർക്കണം. രണ്ടാഴ്‌ചയ്‌ക്കകം തുടർനടപടിക്ക് രൂപംകൊടുക്കണം. നാലാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടു.
ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്നും തുടർനടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യാനും ജസ്റ്റിസ് എൻ കോടിശ്വർ സിങ് കൂടി അംഗമായ ബെഞ്ച് നിർദേശിച്ചു.വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണോയെന്ന് ജഡ്‌ജിമാർ സംശയം പ്രകടിപ്പിച്ചു.
തമിഴ്‌നാടിന് അനുകൂലമായ നിർദേശങ്ങൾ കോടതിയിൽനിന്നുണ്ടായാൽ അത് കേരളത്തിൽ പ്രതികൂലമാണെന്ന പ്രതീതിയുണ്ടാകും. അതുകൊണ്ടാണ്, മേൽനോട്ടസമിതിക്ക് നിർദേശം നൽകുന്നതെന്നും കോടതി വിശദീകരിച്ചു.
അണക്കെട്ട് പരിസരത്തെ മരങ്ങൾ മുറിക്കണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുമായാണ് തമിഴ്‌നാട് കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് തമിഴ്‌നാടിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നഫാദെ വാദിച്ചു. എന്നാൽ, ആ ഉത്തരവിന് 25 വർഷത്തെ പഴക്കമുണ്ടെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്‌തയും അഡ്വ. ജി പ്രകാശും പ്രതികരിച്ചു.