ത്രഡ് ആർട്ടിലൂടെ ശ്രദ്ധേയനായി മുഹമ്മദ് യാസീൻ എന്ന ഒമ്പതാം ക്ലാസുകാരൻ
തൂക്കുപാലം വിജയമാത പബ്ലിക് സ്കൂളിൽ ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മുഹമ്മദ് യാസീൻ മുഖചിത്രം വരക്കാൻ പഠിച്ചത് യൂട്യൂബിലൂടെയാണ്
ചെറുതോണി: കറുത്ത നൂലും കുറച്ച് മുള്ളാണികളും ഒരു പ്ലൈവുഡുമുണ്ടെങ്കിൽ മുഹമ്മദ് യാസീൻ എന്ന ഒമ്പതാം ക്ലാസുകാരൻ ആരുടെയും ചിത്രം മനോഹരമായി വരക്കും. ത്രഡ് ആർട്ടിലൂടെയാണ് മുഹമ്മദ് യാസീൻ എന്ന 13കാരൻ ശ്രദ്ധേയനായിരിക്കുന്നത്. തൂക്കുപാലം വിജയമാത പബ്ലിക് സ്കൂളിൽ ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മുഹമ്മദ് യാസീൻ മുഖചിത്രം വരക്കാൻ പഠിച്ചത് യൂട്യൂബിലൂടെയാണ്.പ്രിൻസിപ്പൽ സിസ്റ്റർ ബീനയുടെ മുഖചിത്രമാണ് ആദ്യമായി വരച്ചത്. കട്ടപ്പന ഗവ. കോളജിലെ സീനിയർ ക്ലർക്കായ തൂക്കുപാലം സീനത്ത് മൻസിൽ ഹാരിസിന്റെയും ഇബനയുടെയും മകനാണ് മുഹമ്മദ് യാസീൻ. ഹാരിസ് തന്റെ സഹപ്രവർത്തകനും ഗവ. കോളജ് ലൈബ്രറി അസിസ്റ്റന്റുമായ ബെന്നി ജോസഫ് സർവിസിൽനിന്ന് വിരമിച്ചപ്പോൾ സമ്മാനം നൽകാൻ മകനായ യാസീനോട് ത്രഡ് ആർട്ട് മുഖചിത്രം വരക്കാൻ അവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോണിൽ കാണിച്ചുകൊടുത്ത ബെന്നിയുടെ മുഖചിത്രമാണ് മുഹമ്മദ് യാസീൻ രണ്ടാമതായി നിർമിച്ചത്.ഇതിനായി നാലായിരം മീറ്റർ കറുത്ത നൂലും കുറച്ച് മൊട്ടുസൂചിയുമാണ് വേണ്ടിവന്നത്. എട്ടോളം ദിവസം വേണ്ടിവന്നു ചിത്രം തയാറാക്കാൻ. മറ്റ് പരിശീലനങ്ങളില്ലാതെയാണ് ത്രഡ് ആർട്ടിലുള്ള കഴിവ് യാസീൻ വികസിപ്പിച്ചത്.