കാലവർഷം രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തും; സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും
ഇന്ന് നാല് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്.
 
                                    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മൺസൂൺ കാറ്റ് ശക്തി പ്രാപിച്ചതും തെക്കൻ തമിഴ്നാട് തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥാനത്ത് ശക്തമാകാൻ കാരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.ഇതിനൊപ്പം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കാലവർഷം രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            