സാധാരണകാർക്ക് ചികിത്സ പരിരക്ഷ പദ്ധതി പരിഗണിക്കണം -മനുഷ്യാവകാശ കമീഷൻ
ചികിത്സ ചെലവ് സാധാരണകാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിൽ സമ്പൂർണ ചികിത്സ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
പാലക്കാട്: ചികിത്സ ചെലവ് സാധാരണകാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിൽ സമ്പൂർണ ചികിത്സ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.സർക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യത്തിൽ ആവശ്യമായതിനാൽ ആരോഗ്യവകുപ്പ് സെക്രട്ടറി തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സാധാരണകാർക്ക് ചികിത്സ പരിരക്ഷ നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.ധനവകുപ്പ് അഡീഷണൽ സെക്രട്ടറിയിൽനിന്ന് (ആരോഗ്യ ഇൻഷ്വറൻസ്) കമീഷൻ റിപ്പോർട്ട് വാങ്ങി. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അധ്യാപകർ, എയ്ഡഡ് അധ്യാപകർ, അനധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്കും ആശ്രിതർക്കുമായി പ്രതിമാസം 500 രൂപ നിരക്കിൽ മെഡിസെപ്പ് എന്ന പേരിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ഈ പദ്ധതിയിൽ സർക്കാർ വിഹിതമില്ലാത്തതുകൊണ്ട് സർക്കാർ വിഹിതത്തോടെ സമ്പൂർണ പരിരക്ഷ എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ മെഡിസെപ്പ് പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ കഴിയില്ലെന്നും സാമ്പത്തിക ബാധ്യത ഉൾപ്പെടെ കണക്കാക്കി ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ധനകാര്യ ഹെൽത്ത് ഇൻഷ്വറൻസ് വകുപ്പിന് ഇക്കാര്യത്തിൽ അഭിപ്രായം ലഭ്യമാക്കാനാവില്ല. പരാതി പരിഗണനാർഹമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കഞ്ചിക്കോട് സ്വദേശി മനോഹർ ഇരിങ്ങൽ സമർപ്പിച്ച പരാതിയിലാണ് നടപടി.