കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത
കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
കോട്ടയം:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. മലയോര മേഖലകളിൽ കർശന ജാഗ്രതാ നിർദേശമുണ്ട്.കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ അങ്കണവാടികൾ,ട്യൂഷൻ സെന്ററുകൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വയനാട്ടിലെ മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ഈരാറ്റുപേട്ട -വാഗമൺ റോഡിൽ രാത്രികാലയാത്രയും വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ,ഇല്ലിക്കൽ കല്ല്,മാർമല അരുവി,ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നാലുവരെ നിരോധിച്ചു.കോട്ടയം ജില്ലയിലെ മുഴുവൻ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ ഉത്തരവിട്ടു. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം.