ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ 267-ാമത് പാപ്പയായി ഇനി തിരുസഭയെ നയിക്കും

May 9, 2025
ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും
robert provostt -marpappa

വത്തിക്കാന്‍ സിറ്റി: ജനകോടികളുടെ പ്രാര്‍ത്ഥനയ്ക്കു ഉത്തരമായി പരിശുദ്ധാത്മാവ് തിരുസഭയ്ക്കു പുതിയ പാപ്പയെ സമ്മാനിച്ചു. അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ 267-ാമത് പാപ്പയായി ഇനി തിരുസഭയെ നയിക്കും. തന്റെ സ്ഥാനിക നാമമായി അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത് ലെയോ പതിനാലാമന്‍ എന്ന നാമമാണ്. വത്തിക്കാന്‍ സമയം 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41) നാണ് ഫലം വന്നത്. സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാരും ബാന്‍ഡ് സംഘവും വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി തീരുകയായിരിന്നു. 

ഒരു മണിക്കൂറിന് ശേഷം കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. ഇത് കഴിഞ്ഞപ്പോള്‍ തന്നെ ഗോവയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഉള്‍പ്പെടെ നിരവധി കര്‍ദ്ദിനാളുമാര്‍ മധ്യ ബാല്‍ക്കണിയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മറ്റ് ബാല്‍ക്കണികളിലെത്തി. വത്തിക്കാന്‍ ചത്വരത്തില്‍ ഹര്‍ഷാരവങ്ങളോടെ പതിനായിരങ്ങള്‍. വൈകാതെ പുതിയ മാർപാപ്പ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ‌് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി  വിശ്വാസികളെ അഭിസംബോധന ചെയ്തു. 

നിങ്ങൾക്ക് സമാധാനം! എന്ന വാക്കുകളോടെയാണ് അദ്ദേഹം പാപ്പ പദവിയിലെ ആദ്യ പ്രസംഗത്തിന് തുടക്കം കുറിച്ചത്. "നിങ്ങൾക്ക് സമാധാനം, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ അജഗണത്തിനുവേണ്ടി ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലും, അവർ എവിടെയായിരുന്നാലും എല്ലാ ആളുകളിലും, എല്ലാ ജനതകളിലും, ഭൂമിയിലും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു". - ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. മുൻഗാമി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദ്ദിനാൾമാരോട് നന്ദി പറഞ്ഞും അദ്ദേഹം ഹൃസ്വ സന്ദേശം തുടര്‍ന്നു

ചിക്കാഗോയിൽ നിന്നുള്ള പ്രെവോസ്റ്റിന് 69 വയസ്സു മാത്രമാണ് പ്രായം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പെറുവിൽ ഒരു മിഷ്ണറിയായി ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. 2023 ൽ മാത്രമാണ് കർദ്ദിനാൾ ആയത്. അതായത് കര്‍ദ്ദിനാള്‍ പദവി ലഭിച്ചിട്ട് കേവലം 2 വര്‍ഷം മാത്രം. 2015 മുതൽ 2023 വരെ വടക്കുപടിഞ്ഞാറൻ പെറുവിലെ ചിക്ലായോയിൽ ബിഷപ്പായി സേവനമനുഷ്ഠിച്ച പ്രെവോസ്റ്റ് 2015 ൽ പെറുവിയൻ പൗരത്വവും നേടിയിരിന്നു. അമേരിക്കയും പെറുവും സഹിതം അദ്ദേഹത്തിന് ഇരട്ട പൗരത്വമുണ്ട്. പാപ്പയായി തെരഞ്ഞെടുത്തതോടെ യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ, അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.