നഷ്ടമാകുന്നത് അനവധി ജീവനുകൾ, കാമറകളിൽ പതിഞ്ഞതിൽ ചിലത് മാത്രം കാണൂ എന്ന് എംവിഡി
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ബൈക്ക് അപകടങ്ങളില്‍ ജീവൻ നഷ്ടമായത് നിരവധി ആളുകള്ക്കാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ബൈക്ക് അപകടങ്ങളില്‍ ജീവൻ നഷ്ടമായത് നിരവധി ആളുകള്ക്കാണ്. പരിക്കേറ്റ നിരവധി ആളുകള്‍ വേറെയും. സിസിടിവി ദൃശ്യങ്ങളായും മറ്റും പുറത്തുവരുന്ന ഇത്തരം ഭീകരമായ അപകടദൃശ്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. എന്നാല്‍ അപകടങ്ങള്‍ തുടരുന്നതിന് കാരണം വ്യക്തമാക്കുകയാണ് കേരള എംവിഡി. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം വകുപ്പിന്റെ എഐ കാമറകളില്‍ പതിഞ്ഞ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളാണ് എം വി ഡി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. അശ്രദ്ധ മൂലമുള്ള അപകടങ്ങളില്‍ പെടുന്നവരില്‍ ഭൂരിഭാഗവും 18 മുതല്‍ 20 വയസുവരെ ഉള്ളവരാണെന്നും എംവിഡി കുറിപ്പില്‍ പറയുന്നു. ഹെല്മെറ്റില്ലാതെ ചൂറിപ്പായുന്നതും, കാലുകൊണ്ടും കൈ കൊണ്ടും നമ്ബര്‍ പ്ലേറ്റ് മറച്ച് പിടിച്ച് യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
എംവിഡി കുറിപ്പിങ്ങനെ:
ഈ അടുത്ത ദിവസങ്ങളിലായി നിരവധി ഇരുചക്ര വാഹനാ പകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .അതില്‍ കൂടുതലും 18 മുതല്‍ 20 വയസ്സുവരെ പ്രായമുള്ള യുവാക്കള്‍ അശ്രദ്ധ മൂലം വരുത്തിവയ്ക്കുന്ന അപകടങ്ങളാണ് .നിലവിലെ ഈ സാഹചര്യത്തില്‍ AI ക്യാമറകളില്‍ കണ്ട ഈ കാഴ്ച സമൂഹമധ്യത്തില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകള്‍ ക്യാമറയുടെ മുൻപില് എത്തുമ്ബോള്‍ വാഹനത്തിന്റെ നമ്ബർ മറച്ചുപിടിക്കുന്നത് താല്ക്കാലിക രക്ഷ മാത്രമാണ്. നിർമ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചു പിടിച്ചാലും ജീവന്റെ കാര്യത്തില് ഈ മറച്ചു പിടിക്കലിന് വലിയ വില നല്കേണ്ടി വരും. നമ്മള് ഓരോരുത്തരും ഉള്പ്പെടുന്ന സമൂഹത്തില്‍ ജീവന്റെ സുരക്ഷ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ് അല്ലാതെ നിയമങ്ങളില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്.