മലയാളി പ്രവാസികൾ 22 ലക്ഷം; കഴിഞ്ഞ വർഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ
pravasi
* കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി
* കേരളത്തിൽനിന്നുള്ള വിദ്യാർഥി കുടിയേറ്റത്തിൽ വൻ വർധന
മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ൽ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോർട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവു കാണിക്കുന്നു. പ്രവാസികൾ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ൽ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതൽ ഈ കണക്കിൽ സ്ഥിരത കാണിക്കുന്നുണ്ട്.
നാട്ടിലേക്കുള്ള എൻആർഐ പണത്തിന്റെ അളവിൽ വലിയ വർധനവുണ്ടെങ്കിലും കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗണ്യമായ വർധയുണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട് പറയുന്നത്. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ൽ 22 ലക്ഷത്തിൽ എത്തി നിൽക്കുന്നു. വിദ്യാർഥി കുടിയേറ്റം വൻതോതിൽ വർധിച്ചതാണ് പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോർട്ട് കാണിക്കുന്നു. 2018ൽ 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023ൽ അത് 2,50,000 ആയി വർധിച്ചു. കേരളത്തിൽനിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ട് 17 വയസിനു മുൻപുതന്നെ നാടു വിടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നു. കേരളത്തിൽനിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.
വടക്കൻ കേരളം മേഖല പ്രവാസത്തിന്റെ കേന്ദ്രബിന്ദുവായി ഇപ്പോഴും തുടരുന്നു. മലപ്പുറം തിരൂർ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റക്കാരുള്ളത് ഗൾഫ് രാജ്യങ്ങളിൽതന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 2018ലെ 89.2 ശതമാനത്തിൽനിന്ന് 2023ൽ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്. വിദ്യാർഥി കുടിയേറ്റത്തിൽ യുകെയാണ് മുന്നിൽ. ആകെ വിദേശ വിദ്യാർഥികളിൽ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തിൽനിന്ന് 2023ൽ 19.1 ശതമാനത്തിന്റെ വർധന കാണിക്കുന്നു. സ്ത്രീ പ്രവാസികൾ ജിസിസി രാജ്യങ്ങളിൽനിന്ന് കൂടുതലായി യൂറോപ്പ്, പശ്ചിമ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണത കാണിക്കുന്നു.
2023ൽ 18 ലക്ഷം മലയാളികൾ നാട്ടിലേക്കു മടങ്ങിയെത്തിയതായാണു റിപ്പോർട്ട് പറയുന്നത്. 2018ൽ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവയാണു കാരണം. കോവിഡിനെത്തുടർന്നുണ്ടായ ജോലി നഷ്ടം, നിർബന്ധിത പിരിച്ചുവിടൽ തുടങ്ങിയയും കാരണമായി. മടങ്ങിയെത്തിയ പ്രവാസികളിൽ 18.4 ശതമാനം പേർ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കെത്തിയവരാണ്. കേരളത്തിലെ കുടിയേറ്റക്കാരിൽ 76.9 ശതമാനവും തൊഴിൽ കുടിയേറ്റക്കാരായതിനാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണെമന്നു റിപ്പോർട്ട് പറയുന്നു. മടങ്ങിവരുന്ന പ്രവാസികൾക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്. വിദ്യാർഥി കുടിയേറ്റത്തിലുണ്ടാകുന്ന വൻ വർധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അഞ്ചു വർഷത്തിനിടെ വിദേശത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം ഇരട്ടിയായി. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടേയും പ്രവർത്തനങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം. ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. വിദേശത്തുനിന്നു മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാൻ അന്താരാഷ്ട്ര വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോർട്ട് പറയുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടർന്ന് ഒരു എമിഗ്രേഷൻ ഡെവലപ്മെന്റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്കു വർധിപ്പിക്കുന്നതാകുമെന്നും റിപ്പോർട്ട് പറയുന്നു.