മലയാളത്തിന്റെ പെരുംന്തച്ചനായ എം.ടി. വാസുദേവന്‍ നായർക്ക് 91-ാം ജന്മദിനം

Jul 15, 2024
മലയാളത്തിന്റെ പെരുംന്തച്ചനായ എം.ടി. വാസുദേവന്‍ നായർക്ക്  91-ാം ജന്മദിനം
m-t-vasudevan-nair-s-91st-birthday

പാലക്കാട് : വാക്കുകളുടെ മുറുക്കം കൊണ്ടും വാചകങ്ങളുടെ അനുസ്യൂതമായ ഒഴുക്കു കൊണ്ടും മലയാളികളെ ഒന്നടങ്കം വിഭ്രമിപ്പിച്ച, മോഹിപ്പിച്ച, ഉന്മത്തനാക്കിയ എംടിയുടെ പിറന്നാള്‍. മലയാള സാഹിത്യത്തില്‍ ഉലച്ചിലുകളില്ലാത്ത ഒരു പായക്കപ്പലാണ് എംടിയെന്നു പറയാം.
അക്ഷരങ്ങളുടെ സമുദ്രത്തില്‍ അതെത്ര കാതങ്ങള്‍ താണ്ടിയിരിക്കുന്നു. വൈകാരികതയുടെ എത്ര തിരയിളക്കങ്ങളെ അത് സമര്‍ത്ഥമായി തുഴഞ്ഞു നീങ്ങിയിരിക്കുന്നു. വള്ളുവനാടന്‍ മിത്തുകളെയും ശൈലികളെയും മലയാളത്തിലേക്ക് കോരിയെടുത്ത അതിവിദഗ്ധനായൊരു നാവികനാണ് എംടിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അക്ഷരങ്ങളെ സ്‌നേഹിച്ചും ലാളിച്ചും അവയുടെ സൗകുമാര്യങ്ങളില്‍ പരിലസിച്ചിരുന്ന മലയാളത്തിലെ ഒരേകാന്ത സഞ്ചാരിയാണ് എംടി.വാക്കുകളില്‍ ജീവിതത്തിന്റെ മഞ്ഞും തണുപ്പും വേനലും വര്‍ഷവും ഒളിപ്പിച്ച ഋതുഭേദങ്ങളുടെ ഒരു നിത്യാന്വേഷി.

1933 ജൂലായ് 15ന് പാലക്കാട് പട്ടാമ്പി താലൂക്കിലുള്ള കൂടല്ലൂര്‍ എന്ന ചെറുഗ്രാമത്തിലാണ് എം.ടി. വാസുദേവന്‍ നായര്‍ ജനിക്കുന്നത്. എഴുത്തിനോട് നന്നെ ചെറുപ്പം തൊട്ടേ കമ്പം തോന്നിയിരുന്ന എംടി ഹൈസ്‌കൂള്‍ പഠനകാലം തൊട്ടേ എഴുതിത്തുടങ്ങി.ആദ്യം കവിതകളായിരുന്നു എഴുതിയിരുന്നതെങ്കിലും പതിയെ ഗദ്യത്തിലേക്ക് മാറി. 1948-ല്‍ മദ്രാസ് ആസ്ഥാനമായുള്ള ചിത്രകേരളം മാസികയില്‍ എംടിയുടെ ആദ്യ കഥ ‘വിഷുവാഘോഷം’ പ്രസിദ്ധീകരിച്ചു. പിന്നീട് 1952-ല്‍ രക്തം പുരണ്ട മണല്‍ത്തരികള്‍ എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകവും പുറത്തിറങ്ങി. പിന്നീടിങ്ങോട്ട്് മലയാള സാഹിത്യത്തില്‍ എംടിയുടെ കാലമായിരുന്നു. വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍. നിളയുടെ സ്വാരസ്യങ്ങള്‍ക്കു കാതോര്‍ത്ത് പുഴയേയും ഗ്രാമങ്ങളെയും ഗ്രാമീണ ജീവിതങ്ങളെയും അദ്ദേഹം കടലാസിലേക്കു പടര്‍ത്തി. വൈകാരിക വിക്ഷോഭങ്ങളുടെ ആര്‍ത്തലച്ച ഒരു പെരുംങ്കടലായി എംടിയുടെ എണ്ണമറ്റ കഥാപാത്രങ്ങള്‍ സാഹിത്യപ്രേമികളുടെ ഹൃദയങ്ങളില്‍ ഇന്നും ഇളകിമറിയുന്നുണ്ട്. കാലത്തിലെ സേതുവും, നാലുകെട്ടിലെ അപ്പുണ്ണിയും ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും രണ്ടാമൂഴത്തിലെ ഭീമനും എല്ലാം അനുവാചകരില്‍ അത്രയേറെ വേരൂന്നിക്കഴിഞ്ഞു. രണ്ടാമൂഴമാണ് എംടിയുടെ എക്കാലത്തെയും മാസ്റ്റര്‍ ക്ലാസായി അറിയപ്പെടുന്ന നോവല്‍. മഹാഭാരത കഥയിലെ ഭീമന് നായകവേഷം കല്‍പ്പിച്ച് മഹാഭാരതത്തിന് എംടി നല്‍കിയ ഒരു പുനരാഖ്യാനം ആയിരുന്നു രണ്ടാമൂഴം.

എംടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മഹാഭാരതത്തില്‍ വ്യാസന്‍ എഴുതിയ കഥയുടെ വരികള്‍ക്കിടയില്‍ വായിച്ച് എംടി നല്‍കിയ ഒരു വിപുലീകരണം. എന്നാല്‍, എംടിയുടെ മാസ്റ്റര്‍ ക്ലാസായി പില്‍ക്കാലത്ത് അറിയപ്പെട്ട ‘രണ്ടാമൂഴം’ മലയാളം അതുവരെ കണ്ടുശീലിച്ച സകല തീര്‍പ്പുകളെയും ശിഥിലമാക്കി. ‘ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്- രണ്ടാമൂഴത്തിലെ ഈ വാക്കുകള്‍ കൊണ്ട് എംടിയുടെ എഴുത്തിനെയും നമുക്ക് സ്വാംശീകരിക്കാം. എഴുതിയതൊന്നിലും രണ്ടാമതൊരവസരത്തിനായി അദ്ദേഹം കാത്തു നിന്നില്ല. ഉള്ളിലുള്ള സകല നോവിനെയും പിടച്ചിലുകളെയും ആനന്ദാധിരിക്യത്തെയും വീര്യമൊട്ടും ചോരാതെ തന്നെ എംടി കടലാസില്‍ കുറിച്ചിട്ടു. കഥ പറഞ്ഞ് കഥപറഞ്ഞ് എംടിയങ്ങനെ മലയാളത്തിന്റെ സുകൃതമായി. കഥയെഴുത്തും നോവലെഴുത്തും പോലെ തന്നെ പ്രധാനമായിരുന്നു എംടിയ്ക്ക് തിരക്കഥാ രചനയും.

മഹാഭാരതത്തിനു രണ്ടാമൂഴത്തില്‍ നല്‍കിയ പുനരാഖ്യാനം പോലെ മലയാള മനസ്സുകളില്‍ കേട്ടുപതിഞ്ഞ വടക്കന്‍പാട്ടിന് എംടി ഒരുക്കിയ പുനര്‍വായന ‘ഒരു വടക്കന്‍ വീരഗാഥ’യെന്ന മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചലച്ചിത്രമായി. 1965-ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി കൊണ്ടാണ് എംടി സിനിമാ രംഗത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടിങ്ങോട്ട്് 54 സിനിമകള്‍ക്ക് എംടി ഇതുവരെ തിരക്കഥ എഴുതി. എംടിയുടെ തിരക്കഥകള്‍ക്ക് മലയാളത്തിലും ആരാധകരേറെയാണ്. തന്റെ സൃഷ്ടികളിലൂടെ അനുവാചകരോട് സംവദിക്കാനാണ് എംടി എന്നും ശ്രമിച്ചിട്ടുള്ളത്. മൗനത്തിലൂടെ ആശയങ്ങള്‍ കൈമാറാനായിരുന്നു എംടിയ്‌ക്കെന്നും താല്‍പര്യം. 1995-ല്‍ രാജ്യം ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ച എംടി ബഹുമതികളുടെ കൊടുമുടി താണ്ടി നില്‍ക്കുമ്പോഴും നിരര്‍ഥകമായൊരു മൗനത്താല്‍ സാഹിത്യലോകത്തെ ഒരു ഏകാകിയായി ഇന്നും നിലനില്‍ക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.