സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അറസ്റ്റിന് ഉത്തരവിടേണ്ടിവരുമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കോടതിയുടെ മുന്നറിയിപ്പ്
സ്വാശ്രയസ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ദേശം പാലിക്കാത്തതിനാലാണ് സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അറസ്റ്റിന് ഉത്തരവിടേണ്ടിവരുമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കോടതിയുടെ മുന്നറിയിപ്പ്. സ്വാശ്രയസ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ദേശം പാലിക്കാത്തതിനാലാണ് സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ജൂലൈ 30-ന് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെ സര്‍വ്വകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിന് വേണ്ടി എം.ജി. സര്‍വകലാശാലയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്പളവും അനൂകൂല്യങ്ങളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിനാലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് രൂക്ഷവിമര്‍ശനം നടത്തിയത്. സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും കോടതിയലക്ഷ്യം നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.