എംഎ ബേബി സിപിഎമ്മിനെ നയിക്കും
ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളി

മധുര: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയിൽ ചേർന്ന പിബി യോഗത്തിൽ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോൺഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയിൽ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയിൽ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതൽ കേട്ടിരുന്നത്. താൻ ജനറൽ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ തന്നെ നൽകിയിരുന്നു.
കേരള അംഗങ്ങൾക്കു പുറമെ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു. മാത്രമല്ല, പിബിയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളുമാണ് ബേബി. എന്നാൽ, സമീപകാലത്ത് കർഷക സമരത്തിനും മറ്റും ശക്തമായ നേതൃത്വം നൽകിയ ധാവ്‌ലെ ജനറൽ സെക്രട്ടറിയാവുന്നത് പാർട്ടിക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന നിലപാടാണ് ബംഗാൾ ഘടകം കൈക്കൊണ്ടത്.
പാർട്ടിക്ക് ശക്തമായ അടിത്തറയും തുടർഭരണവുമുള്ള കേരളത്തിൽ നിന്നുള്ള അംഗം ജനറൽ സെക്രട്ടറി പദവിയിലെത്തിയാൽ അത് സംഘടനയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന വാദഗതിയും ശക്തമായി. ഇതാണ് ബേബിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.
ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോർട്ടുണ്ട്. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.
പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 17 പേർ വനിതകളാണ്.
പിബി അംഗം മുഹമ്മദ് സലീം എം എം ബേബിയുടെ പേര് നിർദ്ദേശിച്ചു. അശോക് ധാവ്ളെ പിന്താങ്ങി. പാർടി കോൺഗ്രസ് എം എ ബേബിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയൻ സമ്മേളനത്തെ അറിയിച്ചു.
2015 ലെ വിശാഖപട്ടണം പാർടി കോൺഗ്രസ് മുതൽ മൂന്നു തവണയായി സീതാറാം യെച്ചൂരിയാണ് പാർടി ജനറൽ സെക്രട്ടറി. 2018 ൽ ഹൈദരബാദിലും 2022 ൽ കണ്ണൂരിലുമാണ് പാർടി കോൺഗ്രസ് ചേർന്നത്. കഴിഞ്ഞ വർഷം യെച്ചൂരിയുടെ അകാല മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഇരുപത്തിനാലാം പാർടി കോൺഗ്രസിൽ എംഎ ബേബി പാർടി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.
2012 ലെ ഇരുപതാം പാർടി കോൺഗ്രസിലാണ് എം എ ബേബി സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തിയത്. വിദ്യാർഥി പ്രസ്ഥാന ഘട്ടം മുതൽ പലതവണ ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു.
1974ൽ എസ്എഫ്ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ൽ എസ്എഫ്ഐ കേരള ഘടകം പ്രസിഡന്റായി. 1979ൽ അഖിലേന്ത്യാ പ്രസിഡന്റായി. 1987ൽ ഡിവെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി.
1977ൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ൽ സിപിഐ എം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം.
2006 – 2011 കാലഘട്ടത്തിൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011 ൽ കുണ്ടറയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1986മുതൽ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ളേഷൻ കമ്മിറ്റി അധ്യക്ഷനുമായി. 1998വരെ രാജ്യസഭാംഗമായി തുടർന്നു.