തദ്ദേശസ്ഥാപനങ്ങള്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം- മന്ത്രി വി. അബ്ദുറഹിമാന്‍

സംരംഭക സഭ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു രണ്ടേകാല്‍ കോടിയുടെ വായ്പയും സബ്സിഡിയും ചടങ്ങില്‍ വിതരണം ചെയ്തു

Dec 14, 2024
തദ്ദേശസ്ഥാപനങ്ങള്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം- മന്ത്രി വി. അബ്ദുറഹിമാന്‍
local-bodies-should-encourage-enterprises-minister-v-abdurrahiman

മലപ്പുറം : ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുതിയ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നോട്ടു വരണമെന്നും എല്ലാ നഗര- ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്ന പ്രാദേശിക സംരംഭങ്ങള്‍ ഉണ്ടാകുന്നതിന് ഇടപെടല്‍ നടത്തണമെന്നും കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. വ്യവസായ- വാണിജ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും നടത്തുന്ന സംരംഭക സഭകളുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ സാംസ്‌കാരിക നിലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച വിദ്യാഭ്യാസവും കഴിവുമുള്ള പ്രൊഫഷനലുകളുള്ള ജില്ലയാണ് മലപ്പുറം. അവര്‍ക്ക് ഇവിടെ തന്നെ മികച്ച തൊഴില്‍ ലഭ്യമാകുന്നതിന് അനുയോജ്യമായ സംരംഭങ്ങള്‍ വരേണ്ടതുണ്ട്. പ്രാദേശിക നിക്ഷേപങ്ങളെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ തദ്ദേശ സ്ഥാപനവും ശ്രമിക്കണം. ഇതിനു പകരം നാട്ടില്‍ വ്യവസായങ്ങള്‍ വരുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം മാറേണ്ടതുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തിരൂര്‍ നഗരസഭാ ചെയര്‍പെഴ്സണ്‍ എ.പി നസീമ അധ്യക്ഷത വഹിച്ചു.

പി. നന്ദകുമാര്‍ എം.എല്‍.എ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങോട്ട്, വികസകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിജിത ടി., കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് ആര്‍, മാനേജര്‍ അബ്ദുല്ലത്തീഫ് എ, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഷംസുദ്ദീന്‍ സി.കെ, ലീഡ് ജില്ലാ മാനേജര്‍ എം.എ ടിറ്റണ്‍, നഗരസഭാ സെക്രട്ടറി സിനി ടി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 പരിപാടിയില്‍ എസ്.ബി.ഐ ഒന്‍പത് ലോണുകള്‍ (ഒരു കോടി രൂപ), കാനറാ ബാങ്ക് രണ്ട് ലോണുകള്‍ (10 ലക്ഷം രൂപ), കേരള ഗ്രാമീണ്‍ ബാങ്ക് നാല് ലോണുകള്‍ (25 ലക്ഷം രൂപ), യൂണിയന്‍ ബാങ്ക് രണ്ട് ലോണുകള്‍ (11 ലക്ഷം രൂപ), യൂക്കോ ബാങ്ക് ഒരു ലോണ്‍  (8 ലക്ഷം രൂപ), ഫെഡറല്‍  ബാങ്ക് ഒരു ലോണ്‍  (37  ലക്ഷം രൂപ) എന്നിങ്ങനെ ആകെ 1.91 കോടി രൂപ വായ്പയും കേരള പിന്നോക്ക വികസന കോര്‍പ്പറേഷന്റെ എട്ട് ലോണുകളില്‍ നിന്നായി 19,45,000 രൂപയും മന്ത്രി വിതരണം ചെയ്തു. വ്യവസായ വകുപ്പില്‍ നിന്നുള്ള സബ്സിഡി തുകയായി 5 പെര്‍ക്ക് പതിനാല് ലക്ഷം രൂപയും, ഇഡി  ക്ലബ്ബിന്റെ 4 സര്‍ട്ടിഫിക്കറ്റുകളും 6 എം.എസ്.എം.ഇ ഇന്‍ഷുറന്‍സുകളും ചടങ്ങില്‍ വിതരണം ചെയ്തു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അസി. എഞ്ചിനീയര്‍ ഷാജന്‍, ജി.എസ്.ടി ഓഡിറ്റ് ഓഫീസര്‍ നവാസ് എം കെ, കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ തിരൂര്‍ മാനേജര്‍ ബാബു ടി, ഫുഡ്  സേഫ്റ്റി അസി. കമ്മിഷണര്‍ സുജിത്  പെരേര തുടങ്ങിയവര്‍ അതത്  വകുപ്പുകളിലെ ലൈസെന്‍സിങുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഇരുനൂറിലധികം  സംരംഭകര്‍ പങ്കെടുത്ത പരിപാടിയില്‍,  സംരംഭകരുടെ വിവിധ  പ്രശ്നങ്ങളുമായി ബന്ധപ്പെട്ട  ചോദ്യങ്ങള്‍ക്ക് ജനറല്‍ മാനേജര്‍, മാനേജര്‍മാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ടീം മറുപടി നല്‍കി. വിവിധ ബാങ്കുകളുടെയും ഏജന്‍സികളുടെയും ഹെല്‍പ്പ് ഡെസ്‌കുകള്‍ സംരംഭകരെ സഹായിക്കാനായി സജ്ജീകരിച്ചിരുന്നു.

വ്യവസായ - വാണിജ്യ വകുപ്പ് 2022-23 വര്‍ഷം മുതല്‍ നടത്തിയ സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ 32664 സംരംഭങ്ങള്‍ ആരംഭിച്ചു. 2178 കോടി രൂപയുടെ നിക്ഷേപവും 74544 തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചതില്‍ ജില്ല മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും വിഷയത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. സംരംഭകര്‍ക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുളള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി നടത്തുന്ന പരിപാടിയാണ് 'സംരംഭക സഭ'. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ട് സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ പരിഹാരം കാണുക, അവര്‍ക്ക് സഹായകരമാകുന്ന വിവിധ സംരംഭകത്വ പ്രോല്‍സാഹന പദ്ധതികളെ പരിചയപ്പെടുത്തുക, സംരംഭകര്‍ക്കുളള വിവിധ ആവശ്യങ്ങള്‍ (ലോണ്‍/ലൈസന്‍സ്/സബ്സിഡി/ഇന്‍ഷൂറന്‍സ് മുതലായവ) നിറവേറ്റാന്‍ വേണ്ടി പ്രാദേശിക ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഇന്‍ഷൂറന്‍സ് സേവന ദാതാക്കള്‍ എന്നിവരുടെ സേവനം ലഭ്യമാക്കുക  എന്നിവയാണ് സംരംഭക സഭയുടെ പ്രധാന ലക്ഷ്യം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.