ലൈഫ് മിഷൻ സമാനതകളില്ലാത്ത ഭവന പദ്ധതി: മന്ത്രി എം ബി രാജേഷ്
ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തിയൊമ്പത് പേർക്കുള്ള വീട് നിർമ്മാണം പൂർത്തിയാക്കി

തിരുവനന്തപുരം : ഇന്ത്യയിലെ തന്നെ സമാനതകളില്ലാത്ത ഭവന പദ്ധതിയായി ലൈഫ് മിഷൻ മാറിയിരിക്കുന്നു എന്നും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്വാതന്ത്ര്യത്തിന് ശേഷം ഇത്ര ചുരുങ്ങിയ കാലയളവിൽ ഇത്രയും വീടുകൾ നൽകിയിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ സെലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തിയൊമ്പത് പേർക്കുള്ള വീട് നിർമ്മാണം പൂർത്തിയാക്കി. ഒരു ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരത്തി അമ്പത് വീടുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. ആകെ അഞ്ച് ലക്ഷത്തി നാൽപ്പത്തി നാലായിരത്തി തൊള്ളായിരത്തി അമ്പത്തിയൊമ്പത് വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ അനുവദിച്ചത്. ഭവന നിർമ്മാണത്തിനായി ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് കേരളം കൊടുക്കുന്നത്. പട്ടിക വർഗ്ഗ സങ്കേതത്തിൽ ആണെങ്കിൽ ആറ് ലക്ഷം രൂപ നൽകുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനവും ഈ തുകയുടെ പകുതി പോലും നൽകുന്നില്ല. ഭവന നിർമ്മാണത്തിനായി പ്രധാൻമന്ത്രി ആവാസ് യോജന നൽകുന്നത് ഒരു ഗുണഭോക്താവിന് എഴുപത്തിരണ്ടായിരം രൂപയാണ്. ഇതുവരെ മുപ്പത്തിനാലായിരം പേർക്കാണ് പിഎംഎവൈ വഴി ഫണ്ട് നൽകിയത്. കേരളം ഇതുവരെ വീടില്ലാത്തവർക്കായി 18,800 കോടി രൂപ ചിലവഴിച്ചു. അതിൽ കേന്ദ്രത്തിന്റെ വിഹിതം 2081 കോടി രൂപയും ഉൾപ്പെടുന്നു. ബാക്കി പണം സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിന്നെ വായ്പയുമായി എടുത്തതാണ്.
തൃശ്ശൂർ ജില്ലയിൽ ലൈഫ് ഭവന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയിട്ടുണ്ട്. ജില്ലയിൽ ലൈഫിൽ വീട് കൊടുക്കാൻ ഇതുവരെ ചിലവഴിച്ചത് ആയിരത്തി മുന്നൂറ്റിയൊന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രൂപ. ആയിരത്തി ഒരുന്നൂറ്റി രണ്ട് കോടി സംസ്ഥാന സർക്കാരിൻ്റേതും തദ്ദേശസ്ഥാപനങ്ങളുടേതും. കേന്ദ്രത്തിന്റെ വിഹിതം 199 കോടി 18 ലക്ഷത്തി എഴുപത്തിനാലായിരം രൂപ. ജില്ലയിൽ ഭൂമിയുള്ള ഭവനരഹിതരിൽ അർഹരായ പട്ടികജാതി പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി, അതിദരിദ്ര വിഭാഗത്തിലെ എല്ലാവർക്കും വീട് കൊടുത്തു കഴിഞ്ഞു.
ജില്ലയിലെ പകുതിയോളം തദ്ദേശസ്ഥാപനങ്ങളിൽ ഭൂമിയുള്ള വീടില്ലാത്തവരിൽ എല്ലാവർക്കും വീട് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭൂമിയില്ലാത്ത വീടില്ലാത്തവരിൽ നാലായിരത്തി എഴുപത് പേർക്ക് വീട് കൊടുത്തിട്ടുണ്ട്. സംഭാവനയായി 91 സെന്റ് ഭൂമി ലഭിച്ചു. ഭൂമി സംഭാവനയായി നൽകുന്നതിനായി സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ആണ് മനസ്സോടെ ഇത്തിരി മണ്ണ്. കേരളത്തിലെ സമ്പന്നർ മാത്രമല്ല സാധാരണക്കാരും ഇരുപത്തിമൂന്നിലധികം ഏക്കർ ഭൂമി ഇതുവരെ സംഭാവനയായി നൽകിയിട്ടുണ്ട്.
വലപ്പാട് ഗ്രാമപഞ്ചായത്തിൽ ഈ ഭരണസമിതിയുടെ കാലയളവിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം ഭവന രഹിതർക്കാണ് വീടുകൾ നൽകിയത്. ഇതിന് പുറമെയാണ് സെലക്സ് ഗ്രൂപ്പുമായി സഹകരിച്ച് ഭൂരഹിതർക്കായി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. വലപ്പാട് ഗ്രാമപഞ്ചായത്ത് തൃശ്ശൂർ ജില്ലാപഞ്ചായത്തുമായി സഹകരിച്ച് പതിനെട്ടാം വാർഡിൽ വാങ്ങിയ 56 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി പന്ത്രണ്ട് അപ്പാർട്ട്മെന്റുകളാണ് മൂന്ന് ബ്ലോക്കുകളായി നിർമ്മിക്കുന്നത്. ഓരോ അപ്പാർട്ട്മെന്റും അറുന്നൂറ്റിയമ്പത് ചതുരശ്രഅടി വിസ്‌തീർണ്ണമുള്ളവയാണ്.
സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെലെക്സ് ഗ്രൂപ്പ് ഗ്ലോബൽ സിഎഫ്ഒ പി.യു ഷിഹാബ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി.എ. അഹമ്മദ്, മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്,
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ബിജോഷ് ആനന്ദൻ, മല്ലിക ദേവൻ, ജില്ലാ ലൈഫ് മിഷൻ കോഡിനേറ്റർ വി ആന്റണി, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇ.കെ. തോമസ് മാസ്റ്റർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.