വിവാഹധൂർത്തും ആർഭാടവും നിരോധന ബിൽ നിയമസഭ പാസാക്കണം- വനിതാ കമ്മിഷൻ
'സ്ത്രീധന വിമുക്ത കേരളം' സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആർഭാടവും ധൂർത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂർത്തും ആർഭാടവും നിരോധനം കരട് ബിൽ നിയമസഭ ചർച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി ആവശ്യപ്പെട്ടു. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച 'സ്ത്രീധന വിമുക്ത കേരളം' സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.വിവാഹധൂർത്തും ആർഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വധൂവരൻമാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയാത്ത ബാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. വിവാഹശേഷം സ്ത്രീകൾ ഇതിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകൾ സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് അതത് ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്കു നൽകണം. ഈ സ്‌റ്റേറ്റ്‌മെന്റ് അനുസരിച്ചാണോ വിവാഹചടങ്ങുകൾ നടക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. സ്‌റ്റേറ്റ്‌മെന്റിൽ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കിൽ പിഴയടക്കമുള്ള ശിഷാ നടപടികൾ സ്വീകരിക്കണമെന്ന വിവ്യസ്ഥ ഈ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീധന നിരോധന ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകുന്നതും കരട് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി