കാളപൂട്ട്, മരമടി, കാളയോട്ടം മത്സരങ്ങൾക്ക് നിയമനിർമാണം നടത്തും : ജെ ചിഞ്ചുറാണി
നിയമനിർമാണത്തിനുള്ള ‘പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -കേരള അമെൻമെൻഡ് ബിൽ 2021’ നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കാളപൂട്ട്, മരമടി, കാളയോട്ടം എന്നിവ നടത്തുന്നതിന് നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.നിയമനിർമാണത്തിനുള്ള ‘പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -കേരള അമെൻമെൻഡ് ബിൽ 2021’ നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പിന്നീട് ഇത് ബില്ലായി കൊണ്ടുവരാനും തീരുമാനിച്ചു.ഈ വിഷയത്തിൽ പുതിയ ഓർഡിനൻസ് ഇറക്കാനും രാഷ്ട്രപതിയുടെ അനുമതി വേണോ എന്ന് പരിശോധിക്കാനും നിയമവകുപ്പിനെ ചുമതലപ്പെടുത്തി. ഓർഡിനൻസും തയ്യാറാക്കി. ഓർഡിനൻസിന് മുൻകൂർ അനുമതിതേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് മൂന്നുതവണ കത്തയച്ചിരുന്നു. ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഓർഡിനൻസിലെ നിർദേശങ്ങൾ ബില്ലായി സഭയിൽ അവതരിപ്പിച്ച് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നടപടി സ്വീകരിച്ചുവരികയാണെന്ന് പി ടി എ റഹിമിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.