നൈപുണ്യവികസനത്തിലൂടെ തൊഴിൽക്ഷാമം പരിഹരിക്കും: മന്ത്രി ആർ ബിന്ദു

Mar 5, 2025
നൈപുണ്യവികസനത്തിലൂടെ തൊഴിൽക്ഷാമം പരിഹരിക്കും: മന്ത്രി ആർ ബിന്ദു
r-bindu

തിരുവനന്തപുരം :  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്  പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി തൊഴിൽക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അതിനുള്ള ചുവടുവയ്പ്പായാണ് ക്യാംപസുകളിൽ സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് സെല്ലുകൾ രൂപീകരിച്ചത്. തൊഴിൽ അന്വേഷകരേയും തൊഴിൽ ദാതാക്കളെയും നൈപുണ്യ വികസന ഏജൻസികളേയും ബന്ധിപ്പിക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) ഇക്കാര്യത്തിൽ വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ്  കേരളാ ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി  (കെ-ഡിസ്‌ക്) ചേർന്ന് നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ പൈലറ്റ് പരിശീലന പരിപാടി വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ വിദ്യാർത്ഥികളുടേയും അഭിരുചികൾ മനസ്സിലാക്കി അനുയോജ്യമായ നൈപുണ്യ വികസന പരിശീലനത്തിലൂടെ തൊഴിൽസജ്ജരാക്കി തൊഴിൽലഭ്യമാക്കുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഡിഡബ്ല്യുഎംഎസ്. യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ കണ്ടെത്താനാകും. വ്യക്തിത്വവികാസ, ആശയവിനിമയ, അഭിമുഖ നൈപുണ്യ വികസന പരിശീലനവും  ഈ പ്ലാറ്റ് ഫോമിലൂടെ ലഭിക്കും. നൈപുണ്യ വികസനത്തിനായി അസാപ്, കെയ്സ്, ഐസിടി, ഐഎച്ച്ആർഡി, എൽബിഎസ് തുടങ്ങിയ സ്ഥാപനങ്ങൾ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.  അസാപിൽ നിർമ്മിത ബുദ്ധിയിൽ ഉൾപ്പെടെ നൂറ്റിനാൽപതോളം  കോഴ്സുകൾ നടത്തുന്നുണ്ട്. സ്റ്റാർട്ടപ്പ് ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ഇൻകുബേഷൻ സെന്ററുകൾ ക്യാമ്പസുകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. മികച്ച ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള യങ് ഇന്നൊവേറ്റേഴ്സ് പരിപാടിയിലൂടെ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്നുണ്ട്. കേരളത്തെ നവവിജ്ഞാന സമൂഹമായി മാറ്റിയെടുക്കുന്നതിന് ഊന്നൽനൽകിയാണ് വികസന മാതൃകകളിൽ ഒന്നായ ഉന്നതവിദ്യാഭ്യാസത്തെ കാലാനുസൃതമായി നവീകരിച്ച് നൈപുണ്യവികസനത്തിലൂടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും ജനജീവിത ഗുണനിലാരവും വർദ്ധിപ്പിക്കാനും സർക്കാർ മുൻകൈ എടുത്തു പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നടപ്പ് അധ്യയന വർഷത്തിൽ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25000 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകാനും അതുവഴി തൊഴിൽ സജ്ജമാക്കുവാനുമാണ് വിജ്ഞാന കേരളം ലക്ഷ്യമിടുന്നത്.  പരിപാടിയുടെ ഭാഗമായി ലിങ്ക്ഡിൻ, കോഴ്‌സറ, ഫൗണ്ടിറ്റ്, ടിസിഎസ്, അയോൺ എന്നീ പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച്  ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്‌സുകൾ, സോഫ്റ്റ് സ്‌കിൽ വർദ്ധിപ്പിക്കാനായുള്ള വർക്ക് റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം,  രണ്ടു ദിവസത്തെ ഇമ്മേഴ്‌സീവ്  ഡൊമെയ്ൻ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്‌സണാലിറ്റി  ഡെവലപ്‌മെന്റ് പരിശീലനം, ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ താൽപര്യവും അഭിരുചിയും അനുസരിച്ച്  ഇതിലെ  പ്രോഗ്രാമുകൾ  തിരഞ്ഞെടുക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  അദ്ധ്യാപകരുടെയും  പൂർണ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികളെ  അവരുടെ അക്കാദമിക് മേഖലകൾക്കനുസൃതമായ പരിശീലനം നൽകി പഠന ശേഷം തൊഴിൽ നേടുന്നതിനുള്ള  അവരുടെ നൈപുണ്യം  ഉറപ്പാക്കുന്നതിനാണ് പ്രാമുഖ്യം നൽകുക.

കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ  വിജ്ഞാനകേരളം ഉപദേഷ്ടാവും മുൻമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ കെ,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി ആർ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല, കെ-ഡിസ്‌ക്  എക്സിക്യുട്ടീവ് ഡയറക്ടർ റിയാസ് പി എം, ലിങ്ക്ഡിൻ സീനിയർ കസ്റ്റമർ സക്‌സസ് മാനേജർ അമിത് മുഖർജി, കോഴ്‌സിറ ഗവൺമെന്റ് പാർട്ണർഷിപ്പ് ഡയറക്ടർ അഭിഷേക് കോഹ്ലി, ,വിമൻസ് കോളേജ് പ്രിൻസിപ്പൽ അനില ജെ എസ്, ഡോ. സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു. ഐടി, പോളിടെക്നിക് ഉൾപ്പെടെയുള്ള 80 വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഓൺലൈനായി പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.