കുടുംബശ്രീ ജില്ലാ ഫുഡ് ഫെസ്റ്റ് നാളെ മുതൽ
കുടുംബശ്രീ ജില്ലാ ഫുഡ് ഫെസ്റ്റ് ഫെബ്രുവരി 13 ന് ഫോർട്ട് കൊച്ചിയിൽ തുടങ്ങും

എറണാകുളം : കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാ ഫുഡ് ഫെസ്റ്റ് ഫെബ്രുവരി 13 ന് ഫോർട്ട് കൊച്ചിയിൽ തുടങ്ങും. വൈകിട്ട് മൂന്നിന് മേളയുടെ ഔപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ.എ ആൻസിയ നിർവഹിക്കും. വ്യത്യസ്ത രുചികളുടെ ആഘോഷമായി മാറുന്ന ഫെസ്റ്റിൽ, ബിരിയാണി, ചിക്കൻ ഫ്രൈ, ബീഫ് കറി, ചപ്പാത്തി, നൈസ് പത്തിരി, പൊറോട്ട, വെജ് കറി, മസാല ദോശ, പനീർ വിഭവങ്ങൾ കൂടാതെ, കപ്പയും മീൻകറിയും, പിടിയും കോഴിയും, പാൽ കപ്പ തുടങ്ങിയ നാട്ടിൻപുറം വിഭവങ്ങളും ലഭ്യമാകും. പരമ്പരാഗത ചായക്കട രുചികളും ഈ മേളയുടെ പ്രത്യേക ആകർഷണങ്ങളിലൊന്നാണ്. ഫെസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ വിഭവമായ എഗ്ഗ് കുൽഫി ഭക്ഷണ രസികർക്ക് പുതിയ അനുഭവം നൽക്കും.ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനൊപ്പം സംരംഭകരുടെ സാമ്പത്തിക ഉന്നമനത്തിനും ഫെസ്റ്റ് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഫെബ്രുവരി 17ന് സമാപിക്കും.