ഓണക്കാല തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ സർവീസുമായി കെഎസ്‌ആർടിസി : 10 മുതൽ ബുക്കിങ്
കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് 10ന് ആരംഭിക്കും. സെപ്‌തംബർ ഒമ്പതുമുതൽ 23 വരെയാണ് അധിക സർവീസുകൾ.
 
                                    തിരുവനന്തപുരം : ഓണക്കാല അവധി ദിനങ്ങളോട് അനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് 10ന് ആരംഭിക്കും. സെപ്‌തംബർ ഒമ്പതുമുതൽ 23 വരെയാണ് അധിക സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസിനു പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസും സർവീസ് നടത്തും.
www.onlineksrtcswift.com എന്ന വെബ്സൈറ്റു വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടംഘട്ടമായി ക്രമീകരിക്കും. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി ബസുകളും ജീവനക്കാരെയും സജ്ജമാക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            