അയ്യപ്പന്മാരുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് സര്‍ക്കാരെന്ന് കെഎസ്ആര്‍ടിസി
20 ബസുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താന്‍ അനുമതി തേടിയാണ് വിഎച്ച്പി.
തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് തീരുമാനിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അധികതുക ഈടാക്കുന്നില്ല. തീര്‍ത്ഥാടകര്‍ക്കായി നിലയ്‌ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നിലയ്‌ക്കല്‍ – പമ്പ റൂട്ട് ദേശസാല്‍കൃതമാണ്, അവിടെ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് മാത്രമേ അധികാരം ഉള്ളൂ. ദേശസാല്‍കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
പൊതുജനങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ മത്സരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നും കെഎസ്ആര്‍ടിസി ആരോപിക്കുന്നു.
1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 67 പ്രകാരം സ്റ്റേജ് കാര്യേജ് സര്‍വീസുകളുടെയും ചരക്ക് വണ്ടികളുടെയും നിരക്കുകള്‍ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 2011ല്‍ യാത്രാനിരക്കുകള്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള നിരക്കാണ് ഈടാക്കുന്നത്. ഉത്സവകാലത്ത് 30 ശതമാനം അധിക നിരക്ക് ഈടാക്കുന്നതും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന യാത്രാക്ലേശവും ദുരിതവും പരിഹരിക്കുന്നതിനായി മണ്ഡല-മകരവിളക്ക് കാലത്ത് 20 ബസുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താന്‍ അനുമതി തേടിയാണ് വിഎച്ച്പി സുപ്രീംകോടതിയെ സമീപിച്ചത്