സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന് ജനുവരി 18ന് കൊല്ലത്ത് തുടക്കമാകും

ജനുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും

Jan 17, 2026
സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന് ജനുവരി 18ന് കൊല്ലത്ത് തുടക്കമാകും
KSHEERA SANGAMAM

സംസ്ഥാനക്ഷീരസംഗമം 'പടവ് 2026' ജനുവരി 18 മുതൽ 21 വരെ കൊല്ലം ആശ്രാമം മൈതാനത്തും യൂനുസ് കൺവെൻഷൻ സെന്ററിലുമായി  നടക്കുമെന്ന്  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മിൽമ, കേരള ഫീഡ്സ്, കെ.എൽ.ഡി ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങൾ  തുടങ്ങിയ വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 19ന്  രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ്‌കുമാർ, പി. പ്രസാദ്, എം. ബി. രാജേഷ്, കെ. രാജൻ, വി. എൻ. വാസവൻ, ജി. ആർ. അനിൽ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.

ജനുവരി 18ന് രാവിലെ 10 മണിക്ക് സംഘാടക സമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10.30ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. നൂറ്റമ്പതോളം സ്റ്റാളുകൾ അണിനിരക്കുന്ന എക്‌സ്‌പോയിൽ ക്ഷീരമേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉൽപാദന രീതികളും പ്രദർശിപ്പിക്കും.

ഇടുക്കി ജില്ലയിലെ ഷൈൻ കെ.ബിയെ ഇത്തവണത്തെ മികച്ച സംസ്ഥാന ക്ഷീരസഹകാരിയായി തിരഞ്ഞെടുത്തു. പ്രതിദിനം 3600 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ഷൈൻ, 2024-25 സാമ്പത്തിക വർഷത്തിൽ വിവിധ സംഘങ്ങളിലായി ആറ് ലക്ഷത്തിലധികം ലിറ്റർ പാൽ അളന്ന് മാതൃകയായ കർഷകനാണ്.

സംസ്ഥാന/ മേഖല/ ജില്ലാ തല ക്ഷീരസഹകാരി അവാർഡുകളും മികച്ച ക്ഷീരസംഘങ്ങൾക്കുള്ള ഡോ. വർഗീസ് കുര്യൻ അവാർഡും മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്ഷീരമേഖലയിൽ നടത്തുന്ന ഇടപെടലുകൾക്കും പ്രത്യേക അംഗീകാരം നൽകുന്നുണ്ട്. ക്ഷീരമേഖലയ്ക്കായി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച വിഭാഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് (272.89 ലക്ഷം), കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് (105.2 ലക്ഷം), വയനാട്ടിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് (89.15 ലക്ഷം) എന്നിവർ ഒന്നാമതെത്തി.

 

മുൻസിപ്പാലിറ്റി വിഭാഗത്തിൽ കാസർഗോഡ്  കാഞ്ഞങ്ങാടും കോർപറേഷൻ വിഭാഗത്തിൽ തിരുവനന്തപുരവുമാണ് പുരസ്‌കാരത്തിന് അർഹരായത്. മാതൃകാപരമായ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചതിനുള്ള പ്രത്യേക പുരസ്‌കാരം കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിനാണ്. കർഷകയ്ക്ക് കൈത്താങ്ങ്, ക്ഷീരാമൃതം, ജൈവനാണ്യം തുടങ്ങി വൈവിധ്യമാർന്ന പദ്ധതികളാണ് ഇവർ നടപ്പിലാക്കിയത്.

നാല് ദിവസം നീണ്ടുനിൽക്കുന്ന സംഗമത്തിൽ കർഷകർക്കായി നിരവധി സാങ്കേതിക സെമിനാറുകൾ ഒരുക്കിയിട്ടുണ്ട്. ഡയറി ഫാം മാനേജ്മെന്റിലെ നവീന രീതികൾ, ക്ഷീരസംരംഭകത്വത്തിന്റെ സാധ്യതകൾ, ഡിജിറ്റലൈസേഷൻ, മാധ്യമ ശിൽപശാല എന്നിവയ്ക്ക് പുറമെ വിദഗ്ധർ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയും നടക്കും. അയ്യായിരത്തോളം ക്ഷീര സഹകാരികളും പതിനായിരത്തോളം ക്ഷീരകർഷകരും അത്രതന്നെ പൊതുജനങ്ങളും സംഗമത്തിൽ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.