ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍: കെ എസ് ഇ ബി

CHOORALMALA TOWN KSEB

Jul 30, 2024
ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍:  കെ എസ് ഇ ബി
CHOORALMALA

    

വയനാട്:  ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.
ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. എന്നാൽ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.
മുണ്ടക്കൈ, ചൂരൽമല പ്രദേശം മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16 കി മി അകലെയാണ് . കനത്ത മഴയിൽ ഇന്നലെ മുതൽക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഉരുൾപൊട്ടൽ ഉണ്ടായ പുലർച്ചെ 2 മണി മുതൽ സെക്ഷനിലെ ജീവനക്കാർ ഫീൽഡിൽ ഉണ്ടായിരുന്നു. ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൌൺ വരെ 11 kV ലൈൻ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്.
നിലവിൽ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കൽ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൽപ്പറ്റ 33 കെ വി സബ്‌സ്റ്റേഷനിൽ വെള്ളം കയറിയിട്ടുള്ളതിനാൽ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട് . എന്നാൽ കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികൾ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്
വടകര സർക്കിളിനു കീഴിൽ ഉരുൾപൊട്ടലും വെള്ളക്കെട്ടും കാരണം പരപ്പുപാറ, പാറക്കടവ് എന്നീ സെഷനുകളിലെ മുഴുവൻ ഫീഡറും നിലവിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രാഥമികമായ വിലയിരുത്തലിൽ നാദാപുരം ഡിവിഷന്റെ കീഴിൽ 24 ട്രാൻസ് ഫോർമറുകൾ വെള്ളം കയറിയതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലും ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വടകര ഡിവിഷന്റെ കീഴിൽ 27 ട്രാൻസ്ഫോർമറുകൾ വെള്ളം കയറിയതിനാൽ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം നാദാപുരം ഡിവിഷന്റെ കീഴിൽ 85 ഉം വടകര ഡിവിഷന്റെ കീഴിൽ 46 ഉം വൈദ്യുതിത്തൂണുകൾ തകർന്നിട്ടുണ്ട്. നാദാപുരം ഡിവിഷനിൽ നിലവിൽ പരപ്പുപാറ, പാറക്കടവ്, നടുവണ്ണൂർ, തൊട്ടിൽപ്പാലം തുടങ്ങിയ സെക്ഷനുകളിലാണ് കൂടുതലായി പ്രകൃതി ക്ഷോഭം ബാധിച്ചിട്ടുള്ളത് .വടകര ആയഞ്ചേരി സെക്ഷനും കൊയിലാണ്ടി സബ് ഡിവിഷനു കീഴിലെ മൂടാടി, തിക്കോടി, കൊയിലാണ്ടി നോർത്ത്, കൊയിലാണ്ടി സൗത്ത്, മേലടി സെക്ഷൻ തുടങ്ങിയവയാണ് തീവ്രമായി പ്രകൃതി ക്ഷോഭം ബാധിച്ച സെക്ഷനുകൾ.
ശ്രീകണ്ഠാപുരം സർക്കിൾ പരിധിയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. തിങ്കളാഴ്ചയിലെ പേമാരിയിൽ ഈമേഖലയിൽ, പ്രത്യേകിച്ച് ഇരിട്ടി ഡിവിഷൻ പരിധിയിൽ ശിവപുരം, മട്ടന്നൂർ, ഇരിക്കൂർ, പയ്യാവൂർ എന്നീ സെക്ഷനുകളുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. മട്ടന്നൂർ സെക്ഷന്റെ പരിധിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കേളകം സെക്ഷൻ പരിധിയിൽ ചെറിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായതിനാൽ 49 ട്രാൻസ്‌ഫോർമറുകൾ ഓഫ്‌ ചെയ്ത് വെച്ചിരിക്കുന്നു. സർക്കിൾ പരിധിയിൽ ഏകദേശം 27,970 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ട്. രാത്രിയിൽ ഉണ്ടാകുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 160 പോസ്റ്റുകൾ തകർന്നു.
വൈദ്യുതി പുന:സ്ഥാപനം വേഗത്തിലാക്കുക ലക്ഷ്യമിട്ട് കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് നിരവധി കെ എസ് ഇ ബി ജീവനക്കാരെ മലബാർ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.