ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
പ്രതി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.പ്രതി ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്

തിരുവനന്തപുരം : കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.
പ്രതി ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി.
പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്.