ഒഴുക്കിൽപെട്ട സ്ത്രീയെ വളരെ സാഹസികമായി രക്ഷപ്പെടുത്തി അക്ഷയ സംരംഭകൻ നാടിന് അഭിമാനമായി
കുണ്ടൂർ അക്ഷയ സംരംഭകനായ വേണുഗോപാൽ വെള്ളിയാഴ്ച രാവിലെ തിരുമുക്കുളത്ത് നിന്നും ഓഫീസിലേക്കുള്ള യാത്രാമധ്യേ മുട്ടകടവിൽ വച്ചാണ് അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടത് . മുകളിലേക്ക് ഇടക്കിടെ കയ്യുകൾ ഉയർത്തി ഒരാൾ തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താഴുന്നു. ഉടനെ തന്നെ ഉറക്കെ വിളിച്ചെങ്കിലും ആരെയും അടുത്തെങ്ങും കാണാനായില്ല. വന്നവരോ നീന്തലറിയാത്തവരും.ഒന്നും ആലോചിച്ചില്ല ഷർട്ടും മൊബൈലും കരയിൽ വച്ച് വെള്ളത്തിലേക്കെടുത്ത് ഒറ്റചാട്ടം. വെള്ളപ്പൊക്കശേഷം വെള്ളം തിരിച്ചിറങ്ങിക്കൊണ്ടിരിക്കുന്ന സമയം. കലുങ്കിനോട് ചേർന്ന് കുത്തൊഴുക്ക് . കൂടാതെ കാടും,ചണ്ടിയും ഒക്കെ കെട്ടുപിണഞ്ഞ് വല്ലാത്തൊരു അവസ്ഥ. മുങ്ങിത്താഴുന്നത് മനുഷ്യനാണെന്ന് കണ്ടതുകൊണ്ട് അതൊന്നും കാര്യമാക്കിയില്ല.കഠിനമായ പരിശ്രമത്തിനോടുവിൽ നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിതാണുക്കൊണ്ടിരുന്ന വ്യക്തിയെ വലിച്ച് കരയ്ക്കടിപ്പിച്ചു. അപ്പോഴേക്കും ആളുകൾ ചുറ്റും എത്തി പ്രഥമശുശ്രൂഷ നൽകി. ഏകദേശം 60 വയസ്സ് പ്രായമുള്ള സ്ത്രീയായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടകരമായ ചുറ്റുപാടിലും ഒന്നും നോക്കാതെ എടുത്തുചാടി വിലപ്പെട്ട മനുഷ്യജീവൻ രക്ഷിച്ച വേണുഗോപാലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.തുടർന്ന് നനഞ്ഞ വസ്ത്രവുമായി തിരിച്ച് വീട്ടിൽ പോയി പുതിയ വസ്ത്രവും ധരിച്ച് ഓഫീസിലേക്ക് പോയി. സ്വന്തം ജീവൻ പണയം വെച്ച്കൊണ്ട് വിലപ്പെട്ട ഒരു ജീവൻ തിരിച്ചു പിടിച്ച അക്ഷയ സംരംഭകനായ വേണുഗോപാലിന് അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ.... I