കൊച്ചി മെട്രോ രണ്ടാംഘട്ടം: പൈലിങ് നാളെ തുടങ്ങും
കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവൃത്തിയുടെ സ്വിച്ച് ഓൺ മന്ത്രി പി രാജീവ് നിർവഹിക്കും
കൊച്ചി : മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ സ്റ്റേഷനുകളുടെ നിർമാണവും വയഡെക്ട് സ്ഥാപിക്കാനുള്ള പൈലിങ്ങും ശനിയാഴ്‌ച ആരംഭിക്കും. പകൽ 2.30ന് കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ (സെസ്) മെട്രോ സ്‌റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിക്കും.പ്രവൃത്തിയുടെ സ്വിച്ച് ഓൺ മന്ത്രി പി രാജീവ് നിർവഹിക്കും.
കലൂർ ജെഎൽഎൻ അന്താരാഷ്‌ട്ര സ്‌റ്റേഡിയംമുതൽ കാക്കനാട് ഇൻഫോപാർക്കുവരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം (പിങ്ക് ലൈൻ) നിർമാണം 1141.32 കോടി രൂപയ്ക്ക് അഫ്കോൺസ് ഇൻഫ്രാ സ്ട്രക്‌ചർ ലിമിറ്റഡിനാണ് കരാർ നൽകിയിരിക്കുന്നത്.
നിർമാണത്തിന്റെ രൂപരേഖയും ഒരുക്കങ്ങളും കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കി. സിവിൽ, ആർക്കിടെക്ചറൽ, ട്രാക്ക്, സിസ്റ്റം ജോലികളുടെ ടെൻഡർ നടപടി പദ്ധതിയുടെ പുരോഗതി അനുസരിച്ച് പൂർത്തിയാക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. രണ്ടാംഘട്ടം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.