സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കി കേരള പോലീസിന്റെ പോൽ ആപ്പ്
ആപത്ഘട്ടങ്ങളില് അടിയന്തരമായി പോലീസിനെ വിവരം അറിയിക്കാന് വേണ്ടിയുള്ളതാണ് എസ്ഒഎസ് സംവിധാനം
കൊല്ലം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുമായ സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കി കേരള പോലീസിന്റെ പോൽ ആപ്പ്. പുതിയ നിർദേശങ്ങൾ ഇന്നലെ ആപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റായി കുറിച്ചിട്ടുണ്ട്.
കേരള പോലീസിന്റെ സേവനങ്ങള് ജനങ്ങളുടെ വിരല്ത്തുമ്പില് ലഭ്യമാക്കുന്ന പോല് ആപ്പ് എന്ന മൊബൈല് ആപ്ലിക്കേഷനില് സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള് ഇതിനകം നിലവിൽ ഉണ്ട്.ആപത്ഘട്ടങ്ങളില് അടിയന്തരമായി പോലീസിനെ വിവരം അറിയിക്കാന് വേണ്ടിയുള്ളതാണ് എസ്ഒഎസ് സംവിധാനം. എസ്ഒഎസ് ബട്ടണില് അമര്ത്തുമ്പോള് ലൊക്കേഷനോടുകൂടിയ സന്ദേശം പോലീസിന്റെ അടിയന്തര സഹായ സംവിധാനത്തിൽ ലഭിക്കും.ഉടന് തന്നെ പോലീസ് കണ്ട്രോള് റൂമില് നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പരിധിയില് വരുന്ന പോലീസ് സ്റ്റേഷനില് നിന്ന് ഉടൻ സഹായം എത്തിക്കുകയും ചെയ്യും. സേവനം ഉപയോഗിക്കുന്നതിന് മുമ്പായി എമര്ജന്സി കോണ്ടാക്ട് നമ്പരുകള് സേവ് ചെയ്തിട്ടുണ്ടെങ്കില് ലൊക്കേഷന് പങ്കിട്ടുകൊണ്ടുള്ള ഒരു സന്ദേശം ആ നമ്പറിലേയ്ക്കും ലഭിക്കുന്നതായിരിക്കും.