കരസേനയുടെ വീർ യാത്ര ബൈക്ക് റാലി : 3000 പൂർവ്വ സൈനികരെ ആദരിക്കും

മദ്രാസ് റെജിമെന്റിന്റെ 250-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി, രണ്ടാം ബറ്റാലിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വീർ യാത്ര' അനുസ്മരണ ബൈക്ക് റാലി ബഹുമാനപ്പെട്ട കേരള ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മദ്രാസ് റജിമെൻ്റ് കമാൻഡിങ് ഓഫീസർ കേണൽ അവിനാഷ് കുമാർ സിങ്, സൈനിക ഉദ്യോഗസ്ഥർ, സൈനികർ, വിരമിച്ച സൈനികർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റാലി അതിന്റെ മഹത്തായ വീര പാരമ്പര്യം പ്രദർശിപ്പിക്കുക മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളമുള്ള ഏകദേശം 3000 പൂർവ്വ സൈനികരെ ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി രണ്ടാഴ്ചയ്ക്കുള്ളിൽ കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ഊട്ടി, തിരിച്ചി വഴി തഞ്ചാവൂർ എത്തുകയും മധുരൈ, തിരുനെൽവേലി, കന്യാകുമാരി വഴി തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 23 സ്ഥലങ്ങളിലായി 1350 കിലോമീറ്റർ റാലി സഞ്ചരിക്കും. 25 സൈനികരുമായി ആരംഭിച്ച റാലിയിൽ യാത്രാമദ്ധ്യേ 40-ലധികം സൈനികരും അണിചേരും.