രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; കേരള നിയമസഭ ബിൽ പാസാക്കി

വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയർന്നുനിൽക്കുന്ന കേരളത്തെ കൂടുതൽ വയോജനസൗഹൃദപരമാക്കാനുള്ള തീരുമാനമാണ് നിയമമായിരിക്കുന്നത്

Mar 20, 2025
രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; കേരള നിയമസഭ ബിൽ പാസാക്കി
senior-citizens

തിരുവനന്തപുരം : രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ,​ ബിന്ദു പറഞ്ഞു. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വയോജന കമ്മീഷൻ പുതിയ യുഗത്തിന്റെ തുടക്കമാകും.

പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ. അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മീഷൻ രൂപീകരിക്കപ്പെടുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും. വയോജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമുള്ള സഹായങ്ങളും, നിയമസഹായം ലഭ്യമാക്കുന്നതിനും കമ്മീഷൻ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്‌സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കും. ചെയർപേഴ്‌സണ് ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും.

സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥരാവും കമ്മീഷൻ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ ഫിനാൻസ് ഓഫീസറായും നിയമിക്കും.

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവർ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെ ആയിരിക്കും.

കമ്മീഷന്, അതിന്റെ മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിർവ്വഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ പ്രസ്തുത വിഷയത്തിൽ പ്രത്യേകമായ അറിവുള്ള രണ്ടിൽ കൂടാത്ത എണ്ണം വ്യക്തികളെ പ്രത്യേക ക്ഷണിതാക്കളായി യോഗങ്ങളിൽ പങ്കെടുപ്പിക്കാം. കമ്മീഷൻ യോഗങ്ങളിൽ ക്ഷണിതാക്കൾക്ക് വോട്ടവകാശം ഉണ്ടാവില്ല.

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയർന്നുനിൽക്കുന്ന കേരളത്തെ കൂടുതൽ വയോജനസൗഹൃദപരമാക്കാനുള്ള തീരുമാനമാണ് നിയമമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.