ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും; മുതിരപ്പുഴയാർ, പെരിയാർ കരകളിൽ ജാഗ്രത നിർദേശം
വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘനയടി വെള്ളവും പാംമ്പ്ല ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളവും ഒഴുക്കിവിടും.രാവിലെ ആറു മണിക്ക് ശേഷം ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിടാനാണ് ഇടുക്കി ജില്ല കലക്ടർ അനുമതി നൽകിയിട്ടുള്ളത്. വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ വീണ്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇരു ഡാമുകളും തുറക്കാൻ തീരുമാനിച്ചത്.456.59 മീറ്ററാണ് കല്ലാർകുട്ടി ഡാമിന്‍റെ പരമാവധി ജലനിരപ്പ്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 454 മീറ്ററാണ്. 455 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറിൽ നിർമിച്ചതാണ് കല്ലാർകുട്ടി ഡാം.253 മീറ്ററാണ് പാംമ്പ്ല ഡാമിലെ പരമാവധി ജലനിരപ്പ്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 247.70 മീറ്ററാണ്. 252 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവർ പെരിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാറിൽ നിർമിച്ചതാണ് പാംമ്പ്ല അണക്കെട്ട് (ലോവർ പെരിയാർ അണക്കെട്ട്).