3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ

May 24, 2025
3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ
K RAJAN REVANUE MINISTER

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ 3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ. കാലാവസ്ഥ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ കളക്ടർമാരുമായി യോഗം ചേർന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മേയ് 24 ന് കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. പ്രവചനങ്ങൾക്ക് എട്ട് ദിവസം മുൻപേ ആണിത്. 2009 നു ശേഷം ഏറ്റവും വേഗത്തിൽ എത്തുന്ന കാലവർഷമാണിത്. 1975 നു ശേഷം രണ്ടുതവണയേ ഇത്ര വേഗതയിൽ കാലവർഷം വന്നിട്ടുള്ളൂ. കാലവർഷത്തിന്റെ ആരംഭത്തിന്റേയും അറബിക്കടലിന്റെ വടക്കൻ കർണാടക -ഗോവ തീരത്തിന്റെ ഭാഗമായി അടുത്തായി രൂപം കൊണ്ട ന്യൂനമർദത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അതിശക്തമായ മഴയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ വടക്കാൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അടുത്ത 16 ദിവസം എല്ലാ തരത്തിലുള്ള ജാഗ്രതയും വേണമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം മേയ് 25 ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. അലർട്ടു മാത്രമായി കരുതാതെ എല്ലായിടത്തും ജാഗ്രതയുണ്ടാകണം. മഴയോടൊപ്പം എത്തിയിട്ടുള്ള ശക്തമായ കാറ്റാണ് വെള്ളിയാഴ്ച മുതൽ കനത്ത നാശം വിതച്ചത്. മരങ്ങളുടെ ചില്ലകൾശക്തി കുറഞ്ഞ ഹോർഡിങ്ങുകൾമേൽക്കൂരകൾ ഇവയൊക്കെ ശക്തമായ കാറ്റിൽ നിലം പതിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ എല്ലാ ഘട്ടത്തിലും ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. രാത്രി യാത്രകൾ കഴിവതും ഒഴിവാക്കണം. ദുരന്ത പ്രദേശങ്ങളിൽ താമിസിക്കുന്നവർ മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ അധികൃതരുടെ നിർദേശമനുസരിച്ച് മാറിതാമസിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും ശ്രദ്ധിക്കണം.

ജില്ലാ കളക്ടർമാരുടെ യോഗത്തിൽ എല്ലാ ജില്ലകളിലേയും സാഹചര്യം വിലയിരുത്തി. കേരളത്തിലെ എല്ലാ ജില്ലകളിലേയും ദുരന്ത സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം പരിശോധിച്ച് ഏതെങ്കിലും പ്രദേശത്ത് ദുരന്തമുണ്ടായാൽ എവിടേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന കണക്കുകളും കൃത്യമായി തയ്യാറാക്കി. കാലവർഷം ശക്തമാകുന്നതോടെ ദുരിത സാധ്യത മുന്നിൽ കണ്ട് 3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്. 5,29,539  പേരെ വരെ പാർപ്പിക്കാൻ കഴിയും വിധത്തിൽ  ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെപ്പുകൾ നടത്തും.  പകർച്ച രോഗങ്ങളുടെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ക്യാമ്പുകളിൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള സജീകരണങ്ങളും അരുമ മൃഗങ്ങളെ കൊണ്ടുവന്നാൽ ക്യാമ്പിന്റെ ഭാഗമായി മറ്റൊരിടത്ത് പാർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. ഈ ക്യാമ്പുകളിൽ റവന്യു വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ഉദ്യോഗസ്ഥർ നേതൃത്വം നൽകും. നിലവിൽ രണ്ടു ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ദുരന്തനിവാരണ വകുപ്പിന്റെ കീഴിൽ പഞ്ചായത്തുകൾക്ക് 1 ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികൾക്ക് മൂന്ന് ലക്ഷം രൂപ വീതവും കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും അനുവദിച്ചു. അടിയന്തര സാഹചര്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനാണ് ഈ തുക.  ക്യാമ്പുകളുടെ ഒരുക്കങ്ങൾക്കായും ഇതേ തുക അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ജില്ലാ കളക്ടർമാർക്ക്  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ 1 കോടി രൂപയും അനുവദിച്ചു. 25 ലക്ഷം രൂപ വരെ ഇപ്പോൾ എടുത്തു  ഉപയോഗിക്കുന്നതിനുള്ള അനുമതിയും നൽകി. പൊലീസ്ഫയർ ഫോഴ്സ്സിവിൽ ഡിഫൻസ്ആപ്ത മിത്ര ടീമുകളും സജ്ജമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീം ഇപ്പോൾ തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജൂൺ 1 ഓടു കൂടി 7 ടീമുകൾ കൂടി  എത്തും. ഇതിനു പുറമേ ഇൻഡോ ടിബറ്റൻ ബറ്റാലിയൻ ഫോഴ്സ്,

 സി ആർ പി എഫ് തുടങ്ങിയ സേനകളുടെ സേവനവും ലഭിക്കും.

ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ള കോളനികളിലും പ്രത്യേക പ്രദേശങ്ങളിലും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി സംസാരിക്കും. ദേശീയ പാതയുമായി ബന്ധപ്പെട്ട് നിലവിൽ പ്രയാസമുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ച് ഏതെങ്കിലും സ്തംഭനാവസ്ഥയുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ കളക്ടർമാക്ക് നിർദേശം നൽകിയിട്ടുണ്ട്.

കവചം സംവിധാനത്തിലൂടെ കൃത്യമായ മുന്നറിയിപ്പുകൾ നൽകും. സോഷ്യൽ മീഡിയകളിലൂടെ തെറ്റായ സന്ദേശങ്ങൾ കൈമാറിയാൽ മാതൃകാപരമായ നടപടി സ്വീകരിക്കും.  ജില്ലാകളക്ടർമാരുടെ ഫെയ്സ് ബുക്ക് പേജുകളിലൂടെയോഫോണിലൂടെയോ അതതു സമയങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് കൈമാറും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ടുള്ള മുന്നറിയിപ്പുകൾ കൃത്യമായി ലഭിക്കും. ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയാകും. റവന്യു ഉദ്യോഗസ്ഥർമാർ ഉൾപ്പെടയുള്ള ഉദ്യോഗസ്ഥർ ഒരുകരണവശാലും ജൂൺ 2 വരെ അവധി എടുക്കരുത്. വളരെ അനിവാര്യമല്ലാത്ത കാര്യങ്ങളിൽ ലീവ് എടുത്തവർ തിരികെ എത്തണമെന്നും മന്ത്രി അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.