ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തില്‍ അന്തിമ തീരുമാനം ഇന്ന്
സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിക്കും
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസ് തുടരന്വേഷണ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിക്കും.ഇവ രണ്ടും പരിശോധിച്ച ശേഷം തിരോധാനത്തില്‍ തുടരന്വേഷണം വേണോ വേണ്ടയോ എന്നതില്‍ കോടതി അന്തിമ തീരുമാനമെടുക്കും.
ജെസ്ന ജീവനോടെയുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കാണിച്ചാണ് ജെയിംസ് തടസഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചിരുന്നു.ജെസ്ന മരിയയെ 2018 മാര്‍ച്ച് 22നു കാണാതായ കേസില്‍ പോലീസും സിബിഐയും ഇനിയും കണ്ടെത്താത്തതും പരിഗണിക്കാത്തതുമായ സൂചനകളും തെളിവുകളുമാണ് ജെയിംസ് കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചത്.