രാജ്യാന്തര വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയില്‍
സംഘാടക സമിതി രൂപീകരണം ഏപ്രില്‍ എട്ടിന്
 
                                    കൊട്ടാരക്കര :  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഏപ്രില്‍ 25 മുതല്‍ 27 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതി രൂപീകരണയോഗം ഏപ്രില്‍ എട്ടിന് വൈകിട്ട് നാലു മണിക്ക് നടക്കും. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗം ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            