ദുരന്തബാധിതരുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്
മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

വയനാട് : ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ തിനായി ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ കെ ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.അര്‍ഹമായ ക്ലെയിമുകള്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികളാണ് പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷൂറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയ്യാറാക്കും. ദുരന്തത്തിനിരയായവരുടെ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന ബന്ധുക്കള്‍, ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിക്കുക. ഗ്രാമപഞ്ചായത്തുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും. ലൈഫ് പോളിസികള്‍, വാഹനങ്ങള്‍, വീട്, കൃഷി, മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്‍ഷൂറന്‍സുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ക്ക് അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കും. ശേഖരിച്ച വിവരങ്ങള്‍ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ മുഖേന നടപടികള്‍ക്കായി കൈമാറും.